KOYILANDY DIARY.COM

The Perfect News Portal

മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക തീരദേശ ഭവന പദ്ധതി ആവിഷ്കരിക്കും: മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ

.
കോഴിക്കോട്: കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിലെ തീരദേശ ജനതയുടെ സമഗ്രവികസന പദ്ധതി ‘സ്നേഹസാഗരം’ ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. മുഖദാർ സിസ്കോ ഐടിഐയിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക തീരദേശ ഭവന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തീരദേശ ജനതയ്ക്കായുള്ള പ്രത്യേക ഭവന പദ്ധതിയുടെ നടപടികൾ അവസാനഘട്ടത്തിലാണ്. നിലവിലെ ഭവന പദ്ധതി ‘പുനർഗേഹം’ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പുനർഗേഹത്തിന് കൂടുതൽ സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.
തീരദേശ ജനതയുടെ ഇൻഷുറൻസ് കാലോചിതമായി പരിഷ്കരിക്കും. മുഖ്യമന്ത്രി ഇത് നേരത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതാണ്.
കടലിൽ പോകുന്നവരുടെ രക്ഷാപ്രവർത്തനങ്ങൾ പുതിയ സൗകര്യങ്ങൾ ഉപയോഗിച്ച് പരിഷ്കരിക്കും. ഫണ്ടിന്റെ അപര്യാപ്തത മൂലം രക്ഷാപ്രവർത്തനങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ ഫിഷറീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ഇത് മറികടക്കാൻ സാമ്പത്തിക പിന്തുണ നൽകും. മത്സ്യത്തൊഴിലാളി ഭവനങ്ങളിൽ സ്ത്രീ ശാക്തീകരണം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. ഫൈസൽ ബാബു എംഎൽഎ അധ്യക്ഷനായിരുന്ന ചടങ്ങിൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർപേഴ്സൺ എം. കെ. മുനീർ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ എം. കെ. മുനീറിനെ ആദരിച്ചു.  സ്നേഹസാഗരം പദ്ധതിയുടെ ഉപഭോക്താക്കളെ കണ്ടെത്താൻ നടത്തിയ സർവ്വേയിൽ സ്വയം സന്നദ്ധരായി പങ്കാളികളായ വിദ്യാർത്ഥികൾക്കും തൊഴിൽ പരിശീലനം പൂർത്തിയാക്കിയ ഭിന്നശേഷി കുട്ടികൾക്കും ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മത്സ്യത്തൊഴിലാളികളുടെ നിവേദനകളും ചടങ്ങിൽ സ്വീകരിച്ചു. ജില്ലാ കളക്ടർ എം. എസ്. മാധവിക്കുട്ടി, കൗൺസിലർമാരായ ടി. പി. എം. ജിഷാൻ, എസ്. കെ. അബൂബക്കർ, എം. പി. സൈബുന്നിസ, ഫസ്‌ന ഷംസുദ്ദീൻ, സ്മിത, ഫർസീന എന്നിവർ സംസാരിച്ചു. സാമൂഹ്യനീതി വകുപ്പ് , ഫിഷറീസ്, ഹാർബർ എഞ്ചിനീയറിങ്, റവന്യു, തദ്ദേശസ്വയംഭരണ വകുപ്പ്, എന്നീ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, മത്‍സ്യബോർഡിലെ ജീവനക്കാർ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ,  മത്സ്യത്തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
മണ്ഡലത്തിലെ എല്ലാ വകുപ്പുകളെയും പദ്ധതികളെയും ഏകോപിപ്പിച്ച്, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ‘ഫ്യൂച്ചർ കാലിക്കറ്റ് 360’ മണ്ഡല വികസന പദ്ധതിയുടെ ഭാഗമാണ് സ്നേഹസാഗരം. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ തീരദേശവാസികളുടെ ജീവിതനിലവാരം ഉയർത്താൻ വിഷയങ്ങൾ പഠിച്ച് പരിഹാരനിർദേശങ്ങൾ ഉറപ്പാക്കുകയും പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കുകയുമാണ് ലക്ഷ്യം.
Share news