KOYILANDY DIARY

The Perfect News Portal

മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച ശശികലക്കെതിരെ പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട്:  മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരമാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. മതസ്പര്‍ദ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത് .

കാസര്‍കോട് ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ സി ഷുക്കൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. ജില്ലാ പൊലീസ് മേധാവി പരാതി ഹോസ്ദുര്‍ഗ് പൊലീസിന് കൈമാറുകയായിരുന്നു. ശശികലയുടെ വിദ്വേഷ പ്രസംഗത്തിന്റെ യുട്യൂബ് ലിങ്കുകള്‍ സഹിതമാണ് ഷുക്കൂര്‍ പരാതി നല്‍കിയിരുന്നത്.

മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ തുടര്‍ച്ചയായി കെപി ശശികല പൊതുവേദികളില്‍ പ്രസംഗിച്ചുവെന്നും മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും ശത്രുതാ മനോഭാവവും ഉണ്ടാക്കുകയും ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നു.നിയമവാഴ്ച്ചയെ വെല്ലുവിളിക്കുന്ന ഇവരുടെ പ്രസംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പ്രഭാഷണം നടത്തുന്ന ശശികലയുടെ വര്‍ഗീയ പ്രസംഗങ്ങളുടെ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. നിയമ നടപടികള്‍ സ്വീകരിച്ച്‌ ഭാവിയില്‍ ഇത്തരം പ്രസംഗങ്ങള്‍ നടത്തുവാന്‍ സാഹചര്യങ്ങള്‍ നല്‍കരുതെന്നും സി ഷുക്കൂറിന്റെ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *