KOYILANDY DIARY

The Perfect News Portal

ബിജെപി – പിഡിപി അവസരവാദ സഖ്യം കശ്മീരിനെ സംഘര്‍ഷത്തിലേക്ക് നയിച്ചു: രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ബിജെപിയും പിഡിപിയും തമ്മിലുണ്ടായിരുന്ന അവസരവാദ സഖ്യം കശ്മീരിനെ സംഘര്‍ഷത്തിലേക്ക് നയിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നിരവധി സാധാരണക്കാരും ധീരന്മാരായ സൈനികരും ഇതുമൂലം കൊല്ലപ്പെട്ടു. കശ്മീരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയാലും ബിജെപിയും പിഡിപിയും വരുത്തിവച്ച മോശപ്പെട്ട സാഹചര്യം തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രാപ്തിയില്ലായ്മയും അഹങ്കാരവും വെറുപ്പും എക്കാലത്തും പരാജയപ്പെടുമെന്നും സഖ്യത്തില്‍നിന്ന് ബിജെപി പിന്മാറിയതിന് തൊട്ടുപിന്നാലെ രാഹുല്‍ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെ യുപിഎ സര്‍ക്കാരുണ്ടാക്കിയ നേട്ടങ്ങള്‍ അവസരവാദ സഖ്യം ഇല്ലാതാക്കിയെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആരോപിച്ചു.

പിഡിപിയുമായുള്ള സഖ്യത്തില്‍നിന്ന് ബിജെപി പിന്മാറിയതോടെ മൂന്നരവര്‍ഷം നീണ്ട കശ്മീരെ മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ രാജിവച്ചിരുന്നു. ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവാണ് സഖ്യത്തില്‍നിന്ന് പാര്‍ട്ടി പിന്മാറുന്നുവെന്ന നാടകീയ പ്രഖ്യാപനം നടത്തിയത്. ജമ്മു കശ്മീരിലെ ബിജെപി മന്ത്രിമാരുടെ യോഗം ന്യൂഡല്‍ഹിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെ ആയിരുന്നു പ്രഖ്യാപനം. മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഗവര്‍ണര്‍ എന്‍.എന്‍ വോറയ്ക്ക് രാജിക്കത്ത് കൈമാറിയിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *