KOYILANDY DIARY

The Perfect News Portal

നിര്‍ഭയ വൊളന്റിയര്‍ പദ്ധതിക്ക് തുടക്കമായി

കോഴിക്കോട്: സാമൂഹ്യ-സേവനസന്നദ്ധരായ അമ്പത് കുടുംബശ്രീ-െറസിഡന്റ്സ് അസോസിയേഷന്‍ വനിതകള്‍ ‘നിര്‍ഭയ വൊളന്റിയര്‍മാര്‍’ ആയി ഇനി നഗരത്തിലുണ്ടാവും. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ സിറ്റി പോലീസ് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി നടപ്പാക്കുന്ന ‘നിര്‍ഭയ വൊളന്റിയര്‍ പദ്ധതി’യുടെ ഭാഗമായാണ് കോഴിക്കോട്ട് 50 സ്ത്രീകള്‍ക്ക് ത്രിദിനപരിശീലനം നടത്തിയത്.

കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം എ. പ്രദീപ്കുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു. പദ്ധതി വിജയിപ്പിക്കാനും അതുവഴി സ്ത്രീസുരക്ഷ ഉറപ്പുവരുത്താനും സമൂഹത്തിന് ധാര്‍മിക ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് എസ്. മഹേഷ്കുമാര്‍ അധ്യക്ഷനായി. ഡി.സി.പി. മെറിന്‍ ജോസഫ് മുഖ്യപ്രഭാഷണവും പദ്ധതി വിശദീകരണവും നടത്തി.

പോലീസ് ഓഫീസര്‍ ആയിട്ടും സ്ത്രീയെന്ന നിലയില്‍ വെല്ലുവിളി നേരിടുന്നുണ്ടെന്നും വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ പോലും പോലീസ് സ്റ്റേഷനെ സമീപിക്കാന്‍ വിമുഖത കാണിക്കുന്നുണ്ടെന്നും മെറിന്‍ ജോസഫ് പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി. വി.എം. അബ്ദുള്‍ വഹാബ്, ക്രൈം ബ്രാഞ്ച് എ.സി.പി. പി.ടി. വാസുദേവന്‍, എം. റജീന, പി.സി. കവിത, കെ. വിവേകാനന്ദന്‍, ഷാന്റി സിറിയക്, ഡോ. ടി.പി. മെഹ്റൂഫ് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *