KOYILANDY DIARY

The Perfect News Portal

കോഴിക്കോടിന്റെ തനതു വിഭവങ്ങളുമായി കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് തുടക്കം

കോഴിക്കോട്: കോഴിക്കോടിന്റെ തനതു വിഭവങ്ങളുമായി കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് തുടക്കം. കോഴിക്കോടന്‍ രുചിക്കൂട്ട് എന്നപേരില്‍ ബീച്ച്‌ ആശുപത്രിക്ക് എതിര്‍വശത്തായാണ് പത്തുനാള്‍ നീളുന്ന മേള തുടങ്ങിയത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ട്രാന്‍സ്ജെന്‍ഡര്‍മാരായ കുടുംബശ്രീ അംഗങ്ങളുടെ സ്റ്റാള്‍ ആണ് മേളയുടെ സവിശേഷതയിലൊന്ന്. ജില്ലയിലുള്ള മൂന്ന് ട്രാന്‍സ്ജെന്‍ഡേഴ്സ് അയല്‍ക്കൂട്ടങ്ങളില്‍ ഒന്നിലെ രണ്ടുപേര്‍ക്കായിരുന്നു ആദ്യദിനത്തില്‍ സ്റ്റാളിന്റെ നേതൃത്വം. അഞ്ച് അയല്‍ക്കൂട്ടങ്ങളുടെ അഞ്ച് സ്റ്റാളുകള്‍കൂടി മേളയിലുണ്ട്. പത്തിരി, ചപ്പാത്തി, ബിരിയാണി തുടങ്ങിയവയ്ക്ക് പുറമേ, തുര്‍ക്കിപ്പത്തിരി, ചട്ടിപ്പത്തിരി, അതിശയപ്പത്തിരി, പിസാപ്പത്തിരി, ഇറച്ചിപ്പത്തിരി, ആട്ടപ്പൊറാട്ട, ജീരകക്കോഴി, ചതിക്കാത്ത സുന്ദരിക്കോഴി, പുയ്യാപ്ലക്കോഴി, മുളയരിപ്പായസം, മസാലച്ചായ തുടങ്ങിയ രുചികളും മേളയിലെ ആകര്‍ഷണങ്ങളാണ്.

മലപ്പുറത്തുനിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശനിയാഴ്ചമുതല്‍ വിവിധതരം ദോശകളും മേളയിലെത്തും. മറ്റു ജില്ലകളില്‍നിന്നുള്ള തനത് വിഭവങ്ങള്‍കൂടി പരിചയപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 15 രൂപ മുതലാണ് വില ഈടാക്കുന്നത്. കുടുംബശ്രീക്കു കീഴിലുള്ള കഫെശ്രീക്ക് വിപണിയില്‍ പിന്തുണ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലൊന്നാണിത്. എല്ലാ മാസവും 10 ദിവസം വീതം ബീച്ചിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യമേള നടത്താന്‍ ഉദ്ദേശിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കുടുംബശ്രീക്ക് കീഴിലുള്ള പരിശീലനസ്ഥാപനമായ ആല്‍ഫ്രത്തിന്റെ സഹകരണത്തോടെയാണ് മേള സജ്ജമാക്കിയത്.

Advertisements

കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി. കവിത അധ്യക്ഷയായി. കൗണ്‍സിലര്‍ തോമസ് മാത്യു, അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി. ഗിരീഷ് കുമാര്‍, പ്രോഗ്രാം മാനേജര്‍ എ. നീതു, കോര്‍പ്പറേഷന്‍ യൂണിറ്റ് പ്രോജക്‌ട് ഓഫീസര്‍ റംസി ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *