KOYILANDY DIARY

The Perfect News Portal

കൊച്ചിയെ ഇളക്കിമറിച്ച്‌ സണ്ണി ലിയോണ്‍ എത്തി

കൊച്ചി: എം ജി റോഡില്‍ രാവിലെ മുതല്‍ തന്നെ കാത്തു അക്ഷമരായി നിന്ന ആരാധക ലക്ഷത്തിനിടയിലേക്കു ഓഡി കാറില്‍ വന്നിറങ്ങിയ ബോളിവുഡിലെ ത്രസിപ്പിക്കുന്ന താരം സണ്ണി ലിയോണ്‍ അമ്ബരന്നു. ഇത്രയും ആരാധകരെ ഒരുമിച്ച്‌ ലോകത്തെവിടെയും കണ്ടിട്ടില്ലെന്ന തന്റെ അത്ഭുതം പങ്കുവെക്കാനും അവര്‍ മടിച്ചില്ല. കൊച്ചിയില്‍ മൊബൈല്‍ ഫോണ്‍ റീടെയില്‍ ഗ്രൂപ്പായ ഫോണ്‍ ഫോറിന്റെ 33ാമത്തെ ഷോറൂം കൊച്ചിയില്‍ ഉത്ഘാടനം ചെയ്യാനെത്തിയതായിരുന്നു അവര്‍. ആരാധകര്‍ റോഡില്‍ തിങ്ങി നിറഞ്ഞതോടെ എംജി റോഡിലെ ഗതാഗതവും മണിക്കൂറുകളോളം താറുമറായി.

കൊച്ചിക്കാരുടെ സ്നേഹക്കടലില്‍ അക്ഷരാര്‍ത്ഥത്തില്‍ അകപ്പെട്ടുവെന്നാണ് തന്നെക്കാണാനെത്തിയ ആരാധകരെ കണ്ടപ്പോള്‍ അവര്‍ അഭിപ്രായപ്പെട്ടത്. കേരളത്തെ ഇഷ്ടപ്പെടുന്ന താരം മലയാളികളുടെ മുഖത്തുവിടരുന്ന പുഞ്ചിരി ഏറെയിഷ്ടപ്പെടുന്നുവെന്ന് പറഞ്ഞു. മലയാളികളുടെ ആതിഥ്യമര്യാദയും ജോലിയോടുള്ള അവരുടെ ആത്മാര്‍ത്ഥതയും തന്നെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു.

കേരളത്തിലെ ജല സമൃദ്ധിയും നീലജലാശയങ്ങളും എന്നും പ്രിയപ്പെട്ടതാണെന്നു പറഞ്ഞ സണ്ണി മലയാളസിനിമയില്‍ അഭിനയിക്കാനും താല്‍പ്പര്യപ്പെടുന്നു. മലയാളത്തില്‍ നിന്നും ഒരു ഓഫര്‍ വന്നിട്ടുണ്ടെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. മൊബൈല്‍ ഫോണുകളുടെയും ലാപ്ടോപ്പുകളുടെയും വിപുല ശ്രേണി ഒരുക്കിയിട്ടുള്ള ഫോണ്‍ ഫോറില്‍ ഉപയോക്താക്കള്‍ക്ക് ഇഷ്ടമായത് നേരിട്ടറിഞ്ഞ് കഴിയുന്നത്ര വിലക്കുറവില്‍ തെരഞ്ഞെടുക്കാനാകുമെന്ന് ഫോണ്‍ഫോറിന്റെ സാരഥി സായിഹമീദ് പറഞ്ഞു.

Advertisements

കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങിലേക്കു കൂടി സാന്നിധ്യം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഫോണ്‍ഫോര്‍.

Leave a Reply

Your email address will not be published. Required fields are marked *