KOYILANDY DIARY

The Perfect News Portal

കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകം: മൂന്ന്‌ ആര്‍എസ്‌എസുകാര്‍ അറസ്‌റ്റില്‍

മാഹി: സിപിഐ എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം കണ്ണിപ്പൊയില്‍ ബാബുവിനെ കഴുത്തറുത്ത് കൊന്നകേസില്‍ മൂന്ന്‌ ആര്‍എസ്‌എസുകാര്‍ അറസ്‌റ്റില്‍. പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷ്,ചൊക്ലി സ്വദേശി ടി കെ നിജേഷ്‌, പന്തയ്‌ക്കല്‍ സ്വദേശി പി കെ ശരത്ത്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

അറസ്‌റ്റിലായ മൂന്ന്‌പേരും ആര്‍എസ്‌എസിന്റെ സ്‌ഥിരം ക്രിമിനലുകളാണ്‌. പള്ളൂര്‍ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത മൂന്നുപേരേയും മാഹി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു. കേസില്‍ കഴിഞ്ഞ ദിവസം പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത 13പേരില്‍ പെട്ടവരാണ്‌ അറസ്‌റ്റിലായ മൂന്നുപേരും.

കേസന്വേഷിക്കുന്ന മാഹി സീനിയര്‍ പൊലീസ് സൂപ്രണ്ട് അപൂര്‍വ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച പുലര്‍ച്ചെയാണ് പള്ളൂരില്‍നിന്ന് ജെറിന്‍ സുരേഷും പള്ളൂര്‍ ചെമ്പ്ര സ്വദേശി കുപ്പി സുബീഷും സംഘവും വരികയായിരുന്ന വാഹനം പിടികൂടിയ ത്‌. ജെറിന്‍ സുരേഷിന്റെ വിവാഹം ഞായറാഴ്ച നടക്കേണ്ടതായിരുന്നു. വിവാഹതലേന്ന്‌ മറ്റൊരു വീട്ടിലായിരുന്നു ജെറിന്‍ തങ്ങിയിരുന്നത്‌. പൊലീസിനെ കബളിപ്പിക്കാനായി നടത്തിയ നീക്കമായിരുന്നു ഇത്‌. അവിടെ നിന്നു പോരുമ്പോഴാണ്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌.

Advertisements

ക്രിമിനല്‍ സംഘത്തിലുള്‍പ്പെട്ടവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം ചോദ്യം ചെയ്യുന്നുണ്ട്.കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന സമിതിയംഗം വിജയന്‍ പൂവച്ചല്‍, മാഹി മേഖലാ സെക്രട്ടറി സത്യന്‍ കുനിയില്‍ എന്നിവരെയും ചോദ്യം ചെയ്തിരുന്നു. പ്രദേശത്ത് സംഘങ്ങളായി തിരിഞ്ഞ് അന്വേഷകസംഘം തെരച്ചിലും ഊര്‍ജിതമാക്കിയിട്ടുണ്ട്. മയ്യഴി- പള്ളൂര്‍ പ്രദേശങ്ങളിലെ ബാറുകളില്‍നിന്നുള്‍പ്പെടെയുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളും മൊബൈല്‍ കോള്‍ സംബന്ധിച്ച വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *