KOYILANDY DIARY

The Perfect News Portal

ഓരുജല മത്സ്യ കൃഷി: കർഷക കൂട്ടായ്മ രൂപവത്‌കരിക്കുന്നു

കൊയിലാണ്ടി: ഓരുജല മത്സ്യ കൃഷി: കർഷക കൂട്ടായ്മ രൂപവത്‌കരിക്കുന്നു. ജില്ലയിൽ ഓരുജല മത്സ്യ കൃഷി വികസനത്തിന് മത്സ്യ കർഷകരെ ഉൾപ്പെടുത്തി കർഷക കൂട്ടായ്മ രൂപവത്‌കരിക്കുന്നതിൻ്റെ ഭാഗമായി ചേമഞ്ചേരിയിൽ കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, കൊയിലാണ്ടി, വടകര, തലക്കുളത്തൂർ, അത്തോളി, രാമനാട്ടുകര തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള നാൽപ്പതോളം മത്സ്യകർഷകരാണ് പരിശീലനത്തിൽ പങ്കെടുത്തത്. വിപണി സാധ്യതയേറിയ കാളാഞ്ചി, കരിമീൻ, പൂമീൻ, ചെമ്മീൻ എന്നിവ ഓരുജലാശയങ്ങളിൽ കൂടുതലായി വളർത്തി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ചേമഞ്ചേരി തോരായിക്കടവ് മേഖലയിൽ ഓരുജല മത്സ്യംവളർത്തിലിന് അനുയോജ്യമായ ഏറെ സ്ഥലമുണ്ട്. മത്സ്യക്കർഷകരുടെ കൂട്ടായ്മ രൂപവത്‌കരിക്കുന്നത് ഏറെ പ്രയോജനം ചെയ്യുമെന്ന് പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രം തലവനും പ്രോഗ്രാം കോ-ഒാർഡിനേറ്ററുമായ ഡോ. പി. രാധാകൃഷ്ണൻ, സബ്ജക്ട് മാറ്റർ സ്പെഷ്യലിസറ്റ് ഡോ. ബി. പ്രദീപ് എന്നിവർ പറഞ്ഞു.

മത്സ്യക്കൃഷിക്കുവേണ്ട ഉത്‌പാദനച്ചെലവ് വളരെയേറെ കുറച്ചുകൊണ്ടു വരാൻ ഇതിലൂടെ സാധിക്കും. കർഷകർക്കാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊണ്ടുവരുമ്പോൾ ചെലവ് കുറയ്ക്കാനാവും. കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ മത്സ്യവിപണന കേന്ദ്രം തുടങ്ങുന്നതുവഴി വിൽപ്പനസാധ്യതയും ഉറപ്പുവരുത്താനാകും. വിപണനത്തിന് മാർക്കറ്റിങ് സംഘവും മത്സ്യംവളർത്തലിനുവേണ്ട ഉപദേശ-നിർദേശങ്ങൾ നൽകാൻ പ്രൊഡക്‌ഷൻ ടീമിനെയും ചുമതലപ്പെടുത്താം. മത്സ്യകൃഷിയോടൊപ്പം ജലാശയങ്ങൾക്കുചുറ്റും ചളികൊണ്ടുയർത്തുന്ന ബണ്ടുകളിൽ നാളികേര കൃഷി വ്യാപിപ്പിച്ചും കർഷകർക്ക് സാമ്പത്തിക നേട്ടം കൈവരിക്കാം. ശില്പശാല ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഡോ. കെ.എം. പ്രകാശ്, ഡോ. ബി. പ്രദീപ് എന്നിവർ ക്ലാസെടുത്തു. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ കർഷകൻ കെ.കെ. മനോജ്, അക്വാകൾച്ചർ പ്രൊമോട്ടർ സോഫിയ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *