KOYILANDY DIARY

The Perfect News Portal

എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതം: DYFI

കൊച്ചി: എസ്‌എഫ്‌ഐ ഇടുക്കി ജില്ലാകമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ വട്ടവട മേഖലാകമ്മിറ്റി അംഗവുമായ അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമായ ആക്രമണമായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ്. ഇന്നലെ രാത്രി മഹാരാജാസ് കോളേജിലേക്ക് അതിക്രമിച്ചു കയറിയ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപി ഐ ക്രിമിനല്‍ സംഘമാണ് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത്. എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ അര്‍ജുന്‍, വിനീത് എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. അര്‍ജുന്റെ നില ഗുരുതരമാണ്.

ആസൂത്രിതമായ ആക്രമണവും കൊലപാതകവുമാണ് ഇന്നലെ ഉണ്ടായത്. നവാഗതരെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് കോളജിലേക്ക് ഇരച്ചു കയറി അക്രമം നടത്തിയത്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള പരിശീലനം ലഭിച്ച ക്രിമിനലുകളുള്‍പ്പെടെ അക്രമി സംഘത്തില്‍ ഉണ്ടായിരുന്നു. നാല് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് എറണാകുളം ജില്ലയില്‍ ക്യാമ്ബസില്‍വെച്ച്‌ വിദ്യാര്‍ത്ഥി നേതാവ് കൊല്ലപ്പെടുന്നത്.

സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ക്യാമ്ബസുകളില്‍ ഏകപക്ഷീയമായ ആക്രമണമാണ് പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ ക്രിമിനല്‍ സംഘം നടത്തുന്നത്. താല്‍കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇത്തരം തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി കലാലയങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും സഖ്യത്തിലേര്‍പ്പെടുന്ന കെഎസ്‌യു ഉള്‍പ്പെടെയുള്ളവര്‍ ഇതിനു മറുപടി പറയേണ്ടതുണ്ട്. ആക്രമണം ആസൂത്രണം ചെയ്ത മുഴുവന്‍ പേരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.

Advertisements

ക്യാമ്ബസുകളെ കുരുതിക്കളമാക്കാനുള്ള മത മൗലികവാദ, തീവ്രാവാദ സ്വഭാവമുള്ള സംഘടനകളുടെ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണം. അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് എല്ലാ ബ്ലോക്ക്, മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *