ആധുനികരീതിയിലുള്ള പുതിയബസ് സ്റ്റോപ്പ് വേണം
.
കൊയിലാണ്ടി: വർഷങ്ങൾക്ക് മുമ്പ് പൊളിച്ചു മാറ്റിയ കൊയിലാണ്ടിയിലെ പഴയ ബസ് സ്റ്റാന്റിന് സമീപത്തായി സ്ഥാപിച്ച താൽകാലിക ബസ് സ്റ്റോപ്പിന് ഇനിയും ശാപമോക്ഷമായില്ല. ദേശീയ പാതയോരത്ത് പുതിയ ബസ്സ്റ്റാന്റ് കവാടത്തിന് എതിർവശത്തുള്ള ഈ ചെറിയ ഷെഡാണ് ഇപ്പോഴും ബസ് കാത്തിരിപ്പ് കേന്ദ്രമായി ദീർഘദൂര യാത്രക്കാർ ഉപയോഗിച്ച് വരുന്നത്. വടകര – തലശ്ശേരി – കണ്ണൂർ ഭാഗത്തേക്കുള്ള നിരവധി യാത്രക്കാരാണ് സ്റ്റോപ്പിന്റെ അസൗകര്യം മൂലം ദുരിതമനുഭവിക്കുന്നത്.

തൊട്ടടുത്ത വലിയ ഷോപ്പിംഗ് കോംപ്ലക്സിനും മൃഗാശുപത്രിക്കും ഇടയിലായതിനാൽ ഇവിടെ നിന്ന് തിരിയാനിടമില്ല. ഇരിപ്പിട സൗകര്യവും പരിമിതം. വെയിലും മഴയും കൊണ്ട് വേണം യാത്രക്കാർക്ക് ബസ് കാത്ത് നിൽക്കാൻ. ഇതിനിടയിൽ ഏതാനും ഓട്ടോകളും ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്. കാലത്തും വൈകീട്ടുമാണ് സ്റ്റോപ്പിൽ യാത്രക്കാരേറുന്നത്. സ്ഥല പരിമിതിമൂലം ഈ സമയങ്ങളിൽ യാത്രക്കാർക്ക് പാതയോരത്തേക്ക് നീങ്ങി നിൽക്കേണ്ടിവരും.

സ്റ്റോപ്പിലേക്ക് കുതിച്ചെത്തുന്ന ബസ്സുകൾ കണ്ട് പിൻമാറാൻ ഒരിഞ്ച് സ്ഥലം പോലുമുണ്ടാവില്ല. ഷോപ്പിംഗ് കോംപ്ലക്സ് തുറന്നു പ്രവർത്തിക്കുന്നതാടെ ഇവിടെ തിരക്ക് വർധിക്കാനാന്ന് സാധ്യത. ഈ കേന്ദ്രത്തിൽ ദീർഘദൂര യാത്രക്കാർക്ക് സൗകര്യപ്രദമായ വിധം വൈഫൈ സംവിധാനമുൾപ്പെടെ ലഭ്യമാകുന്ന രീതിയിൽ ബസ് സ്റ്റോപ്പ് സ്ഥാപിക്കണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.




