പി എം ശ്രീയുമായി മുമ്പോട്ട് പോകാനുള്ള തീരുമാനവുമായി യുഡിഎഫ് സർക്കാർ
.
വിമർശനങ്ങളെ കാറ്റിൽപറത്തിക്കൊണ്ട് പി എം ശ്രീയുമായി മുമ്പോട്ട് പോകാനുള്ള തീരുമാനവുമായി യുഡിഎഫ് സർക്കാർ. കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനായി വി ഡി സതീശൻ രാഹുൽ ഗാന്ധിയുടെ അനുമതി തേടി. ഇന്ന് ഡൽഹിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് അനുമതി തേടിയത്. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും പി എം ശ്രീ നടപ്പിലാക്കിയത് കൂടിക്കാഴ്ച്ചയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പി എം ശ്രീയിൽ കേന്ദ്രവുമായി ചർച്ചക്ക് ഒരുങ്ങുകയാണ് വി ഡി സതീശൻ. ചർച്ചയിൽ രണ്ട് ഉപാധികൾ മുമ്പോട്ട് വെക്കും. സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള അധികാരം നൽകണമെന്നതാണ് ആദ്യ ആവശ്യം. കരിക്കുലം തിരുമാനിക്കാൻ സംസ്ഥാന സർക്കാരിന് അനുമതി നൽകണമെന്ന ആവശ്യവും മുന്നോട്ട് വെക്കും. കേന്ദ്ര സർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു.

കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് വിഡി സതീശൻ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കിയത്. പിന്മാറിയാൽ വിദ്യാഭ്യാസ വകുപ്പിന് കേന്ദ്രത്തിൽ നിന്ന് ഫണ്ട് ലഭിക്കില്ലെന്നും കേന്ദ്ര മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോർഡ്, കോർപ്പറേഷൻ നിയമനം 15 നുള്ളിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.




