മട്ടാഞ്ചേരിയിൽ രണ്ടര കിലോയിൽ അധികം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
.
കൊച്ചി മട്ടാഞ്ചേരിയിൽ വൻ ലഹരിമരുന്ന് വേട്ട. രണ്ടര കിലോയിൽ അധികം എംഡിഎംഎയുമായാണ് രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിലായത്. മട്ടാഞ്ചേരി സ്വദേശിയായ നൗഫൽ, ഇയാളുടെ സുഹൃത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ടി.ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തിന് ലഭിച്ച പ്രത്യേക രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ നൗഫലിന്റെ വീട്ടിൽ പരിശോധന നടത്തിയത്.

ഈ പരിശോധനയിലാണ് വീട്ടിൽ ഒളിപ്പിച്ചു വെച്ചിരുന്ന രണ്ടര കിലോയോളം എംഡിഎംഎ കണ്ടെടുത്തത്. പിടിച്ചെടുത്ത ലഹരിമരുന്ന് ദില്ലിയിൽ നിന്നും പാർസൽ മാർഗ്ഗമാണ് കൊച്ചിയിൽ എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം പാലാരിവട്ടത്ത് വെച്ച് നൗഫലിന്റെ ഒരു സുഹൃത്തിനെ ഏതാനും എംഡിഎംഎ കൈവശം വെച്ചതിന് പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് നൗഫൽ ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്ന സുപ്രധാന വിവരം പൊലീസിന് ലഭിക്കുന്നത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം ഇന്ന് രാവിലെ നൗഫലിന്റെ വീട്ടിൽ എത്തി റെയ്ഡ് നടത്തിയത്.




