KOYILANDY DIARY.COM

The Perfect News Portal

ഇന്ന് കോടിയേരിയുടെ ഓര്‍മ്മ ദിനം

.

ഇന്ന് കോടിയേരി ദിനം, എന്നും തിളങ്ങുന്ന രക്തനക്ഷത്രം.. കണ്ണൂരിന്റെ ചുവന്ന മണ്ണിൽ നിന്ന് പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കാണ് കോടിയേരി നടന്നുകയറിയത്. ഉറച്ച പ്രത്യയശാസ്ത്രബോധ്യം, വിട്ടുവീഴ്ചയില്ലാത്ത പാർടിക്കൂറ്, കരുത്തുറ്റ സംഘടനാ ശേഷി, പ്രതികൂല സാഹചര്യങ്ങളെ ധീരമായി നേരിടാനുള്ള അസാമാന്യമായ മന:ശ്ശക്തിയും കോടിയേരിക്കുണ്ടായിരുന്നു. മികച്ച ഭരണാധികാരിയായും പാർലമെന്റേറിയനായും കോടിയേരി വ്യക്തിമുദ്ര പതിപ്പിച്ചു. ഭരണപക്ഷമോ പ്രതിപക്ഷമോ, കോടിയേരിയുടെ നിയമസഭാ പ്രസംഗങ്ങൾക്കായി രാഷ്ട്രീയ കേരളമെന്നും ചെവിയോ‌ർത്തു. പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് കോടിയേരി ആർഎസ്എസ്സിന്റെ ക്രൂരമർദ്ദനത്തിനിരയാകുന്നത്.

അടിയന്തിരാവസ്ഥക്കാലത്ത് പൊലീസ് മർദനമേറ്റുവാങ്ങി. ജയിൽവാസം അനുഭവിച്ചു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചയുടൻ കോടിയേരിയുടെ കൂടി നേതൃത്വത്തിലാണ് തലശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടന്നത്. എസ്എഫ്ഐ ചരിത്രത്തിലേറ്റവും കഠിനമായ പീഡനങ്ങളും രൂക്ഷമായ വേട്ടയാടലുകളും നേരിട്ട കാലം, 1973 മുതൽ 79 വരെ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം പ്രവ‌ർത്തിച്ചു. ഭരണകൂട ഭീകരതയിൽ ഒരിഞ്ചുപോലും തളരാതെ എസ്‌എഫ്‌ഐയെ മുന്നോട്ടു നയിക്കാൻ കോടിയേരിക്കായി. വിദ്യാർത്ഥി പ്രസ്ഥാനം പുരോഗമന വിപ്ലവ പ്രസ്ഥാനത്തിനു നൽകിയ വിലപ്പെട്ട സംഭാവനയായിരുന്നു കോടിയേരി. കോൺഗ്രസും ആർഎസ്എസും കമ്യൂണിസ്റ്റ് പാർട്ടിയെ വേട്ടയാടിയ, 1990-95 കാലത്ത് കണ്ണൂർ ജില്ലാ സെക്രട്ടറിയായി കോടിയേരി.

ജനങ്ങളെ അണിനിരത്തി പാർട്ടിക്കായി പ്രതിരോധത്തിന്റെ കോട്ട തീർത്തു. ബ്രാഞ്ച് സെക്രട്ടറിയായും ലോക്കൽ സെക്രട്ടറിയായും ഏരിയാ കമ്മിറ്റി അംഗമായുമെല്ലാം കോടിയേരി പ്രവർത്തിച്ചിട്ടുണ്ട്. അഞ്ചുതവണ എം.എൽ.എ.യായി. 2006-11 കാലത്ത് ആഭ്യന്തര-ടൂറിസം മന്ത്രിയായും പ്രവർത്തിച്ചു. വികസനനായകൻ എന്നും കേരളം കോടിയേരിയെ വിളിച്ചു. ആ മുഖത്തുനിന്നും ഒരിക്കലും പുഞ്ചിരി മാഞ്ഞിരുന്നില്ല. ഗുരുതരമായ രോഗം ബാധിച്ചപ്പോഴും സ്വന്തം ആരോഗ്യമായിരുന്നില്ല, പാർട്ടിയായിരുന്നു കോടിയേരിക്ക് വലുത്.

രോഗബാധിതനായപ്പോഴും പാർട്ടി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഒരിക്കൽ വാ‌ർത്താസമ്മേളനത്തിൽ തന്റെ രോ​ഗത്തെ കുറിച്ച് ആരോ ചോദിച്ചപ്പോൾ ‘കരഞ്ഞിരുന്നാൽ മതിയോ നേരിടുകയല്ലേ നിവൃത്തിയുള്ളു’ എന്നാണ് കോടിയേരി പറഞ്ഞത്. ഏത് വെല്ലുവിളികളെയും നേരിടാനുള്ള കോടിയേരിയുടെ കരുത്ത് ആ വാക്കുകളിൽ കാണാം. സമരങ്ങളുടെ തീച്ചൂളകളിൽ പാകപ്പെട്ടുവന്നതാണ് ആ ജീവിതം. വിദ്യാഭ്യാസ കാലം തൊട്ടിങ്ങോട്ട് എണ്ണമറ്റ പോരാട്ടങ്ങൾ, അറസ്റ്റുകൾ, ലോക്കപ്പ് മർദ്ദനങ്ങൾ, തടവറകൾ. മരണമില്ലാത്ത പോരാളിയാണ് കോടിയേരി. ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുകയാണ് കോടിയേരി.

Share news