KOYILANDY DIARY.COM

The Perfect News Portal

യുവതിയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിൻ്റേതല്ല. റിപ്പോര്‍ട്ട് തള്ളി ഹർഷിന

യുവതിയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിൻ്റേതല്ല. റിപ്പോര്‍ട്ട് തള്ളി ഹർഷിന. കോഴിക്കോട്: 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ വിദഗ്ധ സംഘം സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിൻ്റേതല്ലെന്ന് കണ്ടെത്തിയത്.

2017-ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ഹർഷിനയുടെ സിസേറിയന്‍ നടന്നത്. ആശുപത്രിയില്‍ എല്ലാ വിധ പരിശോധനകളും നടത്തിയിരുന്നു. അന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍സ്ട്രമെൻ്റൽ രജിസ്റ്റര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും ഉണ്ടായിരുന്നു. പരിശോധനകളില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. അതിന് മുമ്പ് 2012-ലും 2016-ലും സിസേറിയന്‍ നടത്തിയത് താമരശേരി ആശുപത്രിലാണ്. എന്നാല്‍ ആ കാലഘട്ടത്തിലൊന്നും ഇന്‍സ്ട്രമെൻ്റൽ രജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക എവിടത്തെയാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഫോറന്‍സിക് വിഭാഗത്തത്തിൻ്റെ സഹായവും തേടിയിരുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രണ്ട് സമിതി വെച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിൻ്റേതാണെന്ന് കണ്ടെത്താന്‍ രണ്ടിലും കഴിഞ്ഞിട്ടില്ല. ആദ്യ അന്വേണത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയും തൃശൂര്‍ ജില്ലാ ആശുപത്രിയിലേയും സര്‍ജറി, ഗൈനക്കോളജി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണ സംഘം. ഈ കമ്മിറ്റിയുടെ അന്വേഷണത്തിലാണ് കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിൻ്റേതല്ലെന്ന് കണ്ടെത്തിയത്.

Advertisements

എന്നാൽ ഈ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് ഹർഷിന പ്രതികരിച്ചു. അന്വേഷണത്തിൽ അട്ടിമറി നടന്നെന്നും ആരോഗ്യ വകുപ്പിലും മന്ത്രിയിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും യുവതി പറഞ്ഞു. മെഡിക്കൽ കോളേജിൽ നിന്നല്ലെങ്കിൽ എവിടെ നിന്നാണ് കത്രിക വയറ്റിൽ കുടുങ്ങിയത് എന്ന് പറയണമെന്നും കത്രിക ഞാന്‍ വിഴുങ്ങിയതാണോ? എന്നും യുവതി പ്രതികരിച്ചു. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്ക് ശേഷമാണു ശാരീരിക പ്രശ്നങ്ങൾ ഉണ്ടായത്. നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും ഹർഷിന പറഞ്ഞു.

 

Share news
error: Content is protected !!