കോഴിക്കോട് മെഡിക്കൽ കോളേജിൽ 16കാരിയുടെ കാൽ ക്ലോസറ്റിൽ കുടുങ്ങി
.
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 16കാരിയുടെ കാൽ ക്ലോസറ്റിൽ കുടുങ്ങി. 31ാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന മഞ്ചേരി സ്വദേശിനിയാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വാർഡിനോട് ചേർന്ന ശുചിമുറിയിലെ ക്ലോസറ്റിലാണ് കുട്ടിയുടെ കാൽ കുടുങ്ങിയത്. വഴുതി വീണാണ് അപകടമുണ്ടായത്.

വെള്ളിമാട്കുന്ന് ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തി ക്ലോസറ്റിന്റെ ഒരു ഭാഗം പൊളിച്ച് കുട്ടിയെ രക്ഷപ്പെടുത്തി. സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ എൻ ബിനീഷ്, ഫയർ റെസ്ക്യൂ ഓഫീസർമാരായ പി സി റാഷിദ്, എം വി അരുൺ, നിഖിൽ ശ്രീനിവാസ്, കെ സരീഷ്, ജിതിൻരാജ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.




