ഗോപാലപുരത്ത് സർവീസ് റോഡിലെ സിഗ്നലിനായി എടുത്ത കുഴി മൂടി
.
കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ 800 മീറ്റർ സർവ്വിസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് 45 ദിവസമായി സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാലസമരം നടക്കുകയാണ്. സർവ്വിസ് റോഡ് വരുന്ന ഭാഗത്ത് സിഗ്നലിനായി കുഴിയെടുത്തതോടെയാണ് സർവ്വിസ് റോഡ് ഇല്ലന്ന കാര്യം നാട്ടുകാർ മനസ്സിലാക്കുന്നത്. തുടർന്ന് സമരസമിതി രൂപീകരിച്ച് മരളൂരും ഗോപാലപുരത്തും പന്തൽ കെട്ടി അനിശ്ചിത കാലസമരം ആരംഭിച്ചു. ഫാഫി പറമ്പിൽ എംപി യും കെ. പ്രവീൺ കുമാർ എം എൽ എയും, മുൻ എംഎൽഎ, കെ. ദാസൻ, നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ എന്നിവർ സമരപന്തൽ സന്ദർശിച്ചു.
.

.
സമരം ചെയ്യുന്നവരുടെ ആവശ്യം ന്യായമാണെന്ന് അധികൃതരെ അറിയിച്ചു. തുടർന്ന് കലക്ടർ പ്രശ്‌നത്തിൽ ഇടപെട്ടു. സമരസമിതി കലക്ടർക്ക് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസ് മുഖാന്തിരം തഹസിൽദാറും കലകടർക്ക് റിപ്പോർട്ട് നൽകി. ഇത് നാഷണൽ ഹൈവേ അതോററ്റിക്ക് കൈമാറിയതോടെ കഴിഞ്ഞ ദിവസമാണ് മരളൂരിൽ സിഗ്നലിനായി എടുത്ത കുഴി മൂടിയത്. ഇതോടെ സർവ്വിസ് റോഡിനായുള്ള പ്രവൃത്തി ആരംഭിക്കും.
.

.
ഇത് വരെ പ്രവൃത്തി ചെയ്തുവന്നിരുന്ന വഗാഡ് കമ്പനിയെ മാറ്റി രാധേ രാധേ ഇൻഫ്രാം എന്ന കമ്പനിക്കാണ് ഈ ഭാഗത്ത് സർവ്വിസ് റോഡ് അടക്കമുള്ള പ്രവൃത്തി ചെയ്യാൻ കരാർ നൽകിയിരിക്കുന്നത്. ബൈപ്പാസ് വന്നതോടെ 45 വർഷം മുൻപുള്ള നഗരസഭയുടെ പനച്ചിക്കുന്ന് റോഡ് മുറിഞ്ഞു പോകുകയായിരുന്നു. മറു ഭാഗത്ത് റെയിൽപാളവും ഈ ഭാഗത്ത് ബൈപ്പാസും വന്നതോടെ 200 ഓളം കുടുംബങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. ഇതേ സ്ഥിതി തന്നെയാണ് ഗോപാലപുരം നിവാസികളും അനുഭവിക്കുന്നത്.
.

.
ഗോപാലപുരം ഗോഖലെ യൂ.പി. സ്‌കൂളിലേക്കും നന്തി ശ്രീശൈലത്തുള്ള സത്യസായ് സ്കൂളിലേക്കടക്കം പോകുന്ന നൂറ് കണക്കിന് കുട്ടികൾ സർവിസ് റോഡ് ഇല്ലാത്തത് കാരണം യാത്ര ചെയ്യാൻ ബുദ്ധിമുട്ടനുഭവിക്കും. സർവ്വീസ് റോഡ് യാഥാർത്ഥ്യമാകുന്നതുവരെ സമരം തുടുമെന്ന് സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂരും കൺവീനറും നഗരസഭ വൈസ് ചെയർപേഴ്സണുമായ സി.ടി ബിന്ദുവും അറിയിച്ചു.



