KOYILANDY DIARY.COM

The Perfect News Portal

മോഷണക്കേസിൽ സെഞ്ച്വറി തികച്ച കുപ്രസിദ്ധ മോഷ്ടാവും സഹായിയും പോലീസിന്റെ പിടിയിൽ

മാവൂർ: മോഷണക്കേസിൽ സെഞ്ച്വറി തികച്ച കുപ്രസിദ്ധ മോഷ്ടാവും സഹായിയും പോലീസിന്റെ പിടിയിൽ. മായനാട് താഴെ ചപ്പളങ്ങ തോട്ടത്തിൽ സാലു എന്ന ബുള്ളറ്റ് സാലു, കോട്ടക്കൽ സ്വദേശി സൂഫിയാൻ എന്നിവരെയാണ് മെഡിക്കൽ കോളേജ് പോലീസ് മാവൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്. മോഷണം നടത്തി വരുന്ന വഴി കെഎസ്ആർടിസി ബസ്സിൽ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.
ആഴ്ചകൾക്ക് മുമ്പ് മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുകുളത്തൂർ പാടേരി ഇല്ലത്ത് നടന്ന മോഷണക്കേസിലെ പ്രതി കൂടിയാണ് ബുള്ളറ്റ് സാലു. ഇവിടെനിന്നും 35 പവൻ സ്വർണവും പണവും കവർന്നിരുന്നു. കൂടാതെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലും അയൽ സംസ്ഥാനങ്ങളിലും മോഷണം നടത്തിയ കേസുകളും ഇയാളുടെ പേരിലുണ്ട്. ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷം വീണ്ടും മോഷണത്തിന് ഇറങ്ങുകയായിരുന്നു. 
വൈകുന്നേരങ്ങളിൽ ഗ്രാമങ്ങളിൽ ചുറ്റിക്കറങ്ങിലൈറ്റ് ഇടാത്ത വീടുകൾ കണ്ടെത്തി പുലർച്ചെ വീടുകളിൽ മോഷണം നടത്തി അതുവഴി വരുന്ന ഏതെങ്കിലും ബൈക്കുകളിൽ കയറി സ്ഥലം വിടുകയാണ് പതിവ്. കിട്ടുന്ന പണം ആഡംബര ജീവിതത്തിനും ചീട്ടുകളിക്കാനും ഉപയോഗിക്കുകയാണ് ഇയാളുടെ പതിവെന്ന് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ എ ഉമേഷ് അറിയിച്ചു.
ചെറുകുളത്തൂർ പാടേരി ഇല്ലത്തെ മോഷണത്തിന് ശേഷം മാവൂർ, മെഡിക്കൽ കോളേജ് പോലീസിന്റെ നേതൃത്വത്തിൽ ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടയിലാണ് ഇപ്പോൾ പോലീസിന്റെ പിടിയിലാകുന്നത്. പ്രതികളിൽനിന്ന് ഏഴ് ലക്ഷത്തോളം രൂപ കണ്ടെടുത്തു. മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ എ ഉമേഷ് പോലീസ് ഇൻസ്പെക്ടർ പി കെ ജിജീഷ്, മെഡിക്കൽ കോളേജ് എസ്ഐ മാരായ പി ടി സൈഫുള്ള, പി അനീഷ്, സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പിടികൂടിയ പ്രതികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നു.
Share news
error: Content is protected !!