KOYILANDY DIARY.COM

The Perfect News Portal

എം കെ ആർ ഫൗണ്ടേഷൻ കർമശ്രേഷ്‌ഠ, കർമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; പുരസ്‌കാരം ടി ജെ എസ് ജോർജിനും ദയാഭായിക്കും

മലപ്പുറം: എം കെ ആർ ഫൗണ്ടേഷൻറെ ഈ വർഷത്തെ കർമശ്രേഷ്‌ഠ, കർമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കർമശ്രേഷ്‌ഠ അവാർഡിന് മുതിർന്ന മാധ്യമ പ്രവർത്തകൻ ടി ജെ എസ് ജോർജും കർമ അവാർഡിന് സാമൂഹിക പ്രവർത്തക ദയാഭായിയും അർഹരായി.

കോട്ടയ്ക്കലിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന എം കെ രാമുണ്ണിനായർ എന്ന മാനുകുട്ടൻ നായരുടെ പേരിൽ, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കു ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. എം ടി വാസുദേവൻ നായർ ചെയർമാനും സാറാജോസഫ്, ഡോ. പി ബാലചന്ദ്രൻ, ഡോ. കെ മുരളീധരൻ, ഷീബ അമീർ, യു അച്ചു എന്നിവർ അംഗങ്ങളുമായ ജഡ്‌ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ഡോ. പി കെ വാരിയരാണ് 4 വർഷത്തിൽ ഒരിക്കൽ നൽകുന്ന കർമശ്രേഷ്‌ഠ അവാർഡിന് നേരത്തേ അർഹനായിട്ടുള്ളത്. ഷീബ അമീർ, കെ കെ ശൈലജ, മാധവ് ഗാഡ്‌ഗിൽ, ഇ ശ്രീധരൻ, ഗീത വാഴച്ചാൽ, കെ ദിനു എന്നിവർക്കാണ് മുൻപ് കർമ അവാർഡ് ലഭിച്ചത്. കർമശ്രേഷ്‌ഠ അവാർഡിന് രണ്ടു ലക്ഷം രൂപയും പ്രശസ്‌തി പത്രവും കർമ അവാർഡിന് ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. ഒക്ടോബർ 28ന് വൈകിട്ട് തിരൂർ തുഞ്ചൻപറമ്പിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പ്രമുഖർ പങ്കെടുക്കും.

 

Share news
error: Content is protected !!