KOYILANDY DIARY.COM

The Perfect News Portal

എംഡിഎംഎ പണമിടപാട് കേസ്: കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

.

വടകര: എംഡിഎംഎ പണമിടപാട് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന രണ്ടാംപ്രതി പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപിക കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് വടകര എൻഡിപിഎസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയത്. വെള്ളിയാഴ്ച വൈകിട്ട് 5 വരെയാണ് കസ്റ്റഡിയിൽ വിട്ടത്.

 

കോഴിക്കോട് വനിതാ ജയിലിൽ കഴിഞ്ഞ പ്രതിയെ പ്രൊഡക്ഷൻ വാറൻഡ്‌ പുറപ്പെടുവിച്ചാണ് വ്യാഴാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയത്.  കീർത്തന നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാംപ്രതി സഫ്‌വാൻ നൽകിയ ജാമ്യാപേക്ഷയും തള്ളിയ കോടതി നാലാം പ്രതി നീഷ്മയുടെ വാദം കേട്ടശേഷം വിധി പറയാൻ 10 ലേക്ക് മാറ്റി. സഫ്‌വാനെ നേരത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിനെ തുടർന്നാണ് അധ്യാപികമാർ അടങ്ങിയ പണമിടപാട് സംഘത്തെപ്പറ്റി സൂചന ലഭിച്ചത്.

 

മൂന്നാം പ്രതി കാവ്യ, നാലാം പ്രതി നീഷ്‌മ, അഞ്ചാംപ്രതി ഇരിട്ടി സ്വദേശി ഡെലിവറി ബോയ് ജിജിൻ കുര്യാക്കോസ് എന്നിവരെയും അന്വേഷക സംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനിടയിൽ മുഖ്യപ്രതിക്കായി അന്വേഷണം ഊർജിതമാക്കി. എംഡിഎംഎ പണമിടമാട് കേസിൽ തനിക്ക് പങ്കില്ലെന്ന് കീർത്തന കോടതിക്കുപുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ രണ്ട് അക്കൗണ്ടുകളിലും പണമില്ലെന്നും ആർക്കും എംഡിഎംഎ നൽകിയിട്ടില്ലെന്നും ഒരു ആൺകുട്ടിയുടെ അമ്മയാണെന്നും ഇവർ പറഞ്ഞു.

റിമാൻഡിലുള്ള ജിജിൻ കുര്യാക്കോസ് മറ്റൊരു കേസിൽ അറസ്‌റ്റിൽ. വടകര എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിൽ റിമാൻഡിലുള്ള അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനെ പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിലും അറസ്റ്റ് ചെയ്തു. റിമാൻഡിൽ കഴിയുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കാൻ വടകര എൻഡിപിഎസ് കോടതി പ്രൊഡക്ഷൻ വാറന്റ്‌ പുറപ്പെടുവിച്ചു.

 

വെള്ളിയാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കും. മെയ് 20ന് മണിയൂർ തുറശേരി കടവ് തെക്കേ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാനെ 13.56 ഗ്രാം എംഡിഎംഎയുമായി പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന്‌ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജിജിൻ കുര്യാക്കോസിനാണ് എംഡിഎംഎ ഇടപാടിലൂടെയുള്ള പണം അയച്ചുനൽകിയതെന്ന്‌ കണ്ടെത്തി. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി അറസ്റ്റിലായ പയ്യോളി പുതിയോട്ടിൽ ഫഹദുമായും ജിജിൻ കുര്യാക്കോസിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കും. 

Share news
error: Content is protected !!