KOYILANDY DIARY

The Perfect News Portal

ചാൻസലർക്ക്‌ കണ്ണൂർ വിസിയുടെ മറുപടി: കത്ത്‌ കിട്ടി, നന്ദി

ഗവർണർക്ക് എട്ടിൻ്റെ മറുപടി.. കണ്ണൂർ: അനാവശ്യമായി കത്തുകളയച്ച്‌ ‘വാർത്തയിലിടം തേടുന്ന’ ചാൻസലർക്ക്‌ കണ്ണൂർ വിസിയുടെ ചുട്ട മറുപടി. വിശദീകരണമൊന്നും ചോദിക്കാതെ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ കഴിഞ്ഞ ദിവസമയച്ച കത്തിനാണ്  ‘കത്ത്‌ കിട്ടി, നന്ദി’  എന്നു മാത്രമാണ്‌ കണ്ണൂർ വിസി പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ മറുപടി നൽകിയത്‌. കാര്യമായ മറുപടി പ്രതീക്ഷിക്കുകയും അതിലെ പരാമർശങ്ങൾക്ക് മറ്റ് വിവാദങ്ങൾക്ക് തുടക്കമിടാൻ കഴിയും എന്ന് പ്രതീക്ഷിച്ച് ചാൻസലർക്ക് കിട്ടിയ ' ഈ നന്ദി' മറുപടി കനത്ത തിരിച്ചടിയായി.

‘സംസ്ഥാനത്തിൻ്റെ ഉന്നതവിദ്യാഭ്യാസത്തെ തകർക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന രീതിയിൽ വൈസ്‌ ചാൻസലർ പ്രതികരിച്ചുവെന്ന്‌ കാണുന്നു’ എന്നായിരുന്നു ചാൻസലറുടെ കത്തിൽ. ഇതിനാധാരമായി ഒരു ഇംഗ്ലീഷ്‌ ദിനപത്രത്തിൽ വന്ന വാർത്തയുടെ കോപ്പിയും വച്ചിരുന്നു. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി വഴി അയച്ച കത്തിൽ ഇതുസംബന്ധിച്ച്‌ വിശദീകരണം ചോദിക്കുകയോ നിജസ്ഥിതി അന്വേഷിക്കുകയോ ചെയ്‌തിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ ‘കത്ത്‌ കിട്ടി, നന്ദി’ എന്നുമാത്രം മറുപടി നൽകിയതെന്ന്‌ വിസി പറഞ്ഞു.