KOYILANDY DIARY

The Perfect News Portal

ഇടുക്കിയിൽ കനത്ത മഴ; വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

ഇടുക്കി: കനത്ത മഴയെത്തുടർന്ന് ഇടുക്കി ശാന്തൻപാറയിൽ ഉരുൾപൊട്ടൽ. വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. ചേരിയാർ സ്വദേശി റോയി (55) ആണ് മരിച്ചത്. വീടിന് മുകളിലേക്ക് മണ്ണ് വീണതോടെ ഭിത്തി തകർന്നാണ് അപകടം. വീടിനുള്ളിൽ കിടന്നുറങ്ങിയ റോയിയുടെ മുകളിലേക്ക് മണ്ണിടിച്ചിലിനെത്തുടർന്ന് വീടിൻറെ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മഴയെത്തുടർന്ന് ഇടുക്കിയിൽ പലയിടത്തും വ്യാപക നാശനഷ്ടമുണ്ടായി. ശാന്തൻപാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലും ഉരുൾപൊട്ടി. ഉരുൾപൊട്ടലിനെ തുടർന്ന് ആറുകുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. മരം വീണതിനെ തുടർന്ന് പൂപ്പാറയിലും മൂന്നാർ കുമളി റോഡിലും ഗതാഗതം തടസ്സപ്പെട്ടു. നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി.