KOYILANDY DIARY

The Perfect News Portal

അച്ഛന് കരൾ പകുത്ത് നൽകാൻ ദേവനന്ദ. ‘ഇത് ത്യാഗമല്ല, എൻ്റെ കടമയാണ്’ .

അച്ഛന് കരൾ പകുത്ത് നൽകാൻ ദേവനന്ദ. ‘ഇത് ത്യാഗമല്ല, എൻ്റെ കടമയാണ്’. കൊച്ചി: ദേവനന്ദയുടെ അച്ഛൻ പ്രതീഷിന് ഗുരുതരമായ കരൾരോഗം ബാധിച്ചതിനെ തുടർന്ന് കരൾ മാറ്റി വെക്കലല്ലാതെ ജീവൻ രക്ഷിക്കാൻ മറ്റ് മാർഗമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. കരൾ ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തിൽ ആരുടെയും കരൾ അനുയോജ്യമായി കാണാതെ വരികയും 17 വയസു മാത്രം തികഞ്ഞ മകൾ ദേവനന്ദയുടെ കരൾ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്‌തു.

പക്ഷെ വിദഗ്ധ സമിതി അതിനനുവദിച്ചില്ല. പ്രായപൂർത്തിയായില്ല എന്നതായിരുന്നു കാരണം. ഒടുവിൽ മറ്റുവഴിയില്ലാതായതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമപ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് അവയവം ദാനം ചെയ്യാനാകില്ല, തൻ്റേത് പ്രത്യേക കേസായി പരിഗണിക്കണമെന്നായിരുന്നു ദേവനന്ദയുടെ ആവശ്യം. തുടർന്ന് ഹൈക്കോടതി അസാധാരണ സാഹചര്യമാണെന്ന് കണ്ട് തീരുമാനം പുന: പരിശോധിക്കാൻ വിദഗ്ധസമിതിയോട് ആവശ്യപ്പെട്ടു.

കോടതി നിർദേശപ്രകാരം വിദഗ്ധസമിതിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമടങ്ങുന്ന സംഘം വീണ്ടും പരിശോധനകൾ നടത്തി, കരൾ പകുത്തു നൽകുമ്പോഴുള്ള പ്രത്യാഘാതം കുട്ടിയെ ബോധ്യപ്പെടുത്തി. എല്ലാം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ബോധ്യപ്പെട്ടതോടെ വിദഗ്ധ സമിതി ഒടുവിൽ ദേവന്ദയുടെ ആവശ്യം അംഗീകരിക്കാമെന്ന് ഹൈക്കോടതിയെ അറിയിച്ചു.

Advertisements

‘താൻ ചെയ്തത് ത്യാഗമല്ല, മറിച്ച് കടമയാണെന്ന്’ അച്ഛന് കരൾ പകുത്ത് നൽകാൻ തീരുമാനമെടുത്ത ദേവനന്ദ മാധ്യമങ്ങളോട് പറഞ്ഞു. ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതിൽ മാതാപിതാക്കൾ അനുഗ്രഹീതരാണെന്ന് കോടതി പറഞ്ഞു. അച്ഛൻ്റെ ജീവൻ രക്ഷിക്കാൻ അസാധാരണ മനക്കരുത്ത് കാട്ടിയ കുട്ടിയെ ജസ്റ്റിസ് വിജി അരുൺ അഭിനന്ദിച്ചു.