KOYILANDY DIARY

The Perfect News Portal

അടൂരിൽ പെട്രോളുമായി വൈദ്യുത ടവറിൽ കയറി യുവാവിന്റെ ആത്മഹത്യഭീഷണി

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ പെട്രോളുമായി വൈദ്യുത ടവറിൽ കയറി യുവാവിന്റെ ആത്മഹത്യഭീഷണി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ യുവാവിനെ അടൂർ പൊലീസും ഫയർഫോഴ്സും ചേർന്ന് താഴെയിറക്കി. മാലക്കോട് പറക്കോട് വീട്ടിൽ രതീഷ് ദിവാകരൻ (39) ആണ് 110 കെവി വൈദ്യുതലൈനിന്റെ മുകളിലുളള ട്രാൻസ്മിഷൻ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

മുപ്പത് മീറ്ററോളം ഉയരമുള്ള ട്രാൻസ്മിഷൻ ടവറിന്റെ മുകളിലാണ് യുവാവ് കയറിയത്. വെള്ളി രാത്രി 9.30ഓടെയാണ് രതീഷ് ടവറിനു മുകളിൽ കയറിയത്. രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് അടൂർ പോലീസ് ഫയർഫോഴ്‌സിന്റെ സഹായം തേടുകയെങ്കിലും ഫലം കണ്ടില്ല. താൻ സ്നേ​ഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്തെത്തിച്ചാൽ മാത്രമേ താഴെയിറങ്ങു എന്നായിരുന്നു യുവാവിന്റെ ആവശ്യം.

 

കയ്യിൽ പെട്രോളുമായി നിന്ന രതീഷിന്റെ അടുത്തേക്ക് ഫയർ ഫോഴ്സ് സംഘത്തിന് എത്താൽ കഴിഞ്ഞിരുന്നില്ല. അതിനാൽ ആവശ്യം അം​ഗീകരിച്ച് ഇയാൾ പറഞ്ഞ പെൺകുട്ടിയെ പൊലീസ് സ്ഥലത്തെത്തിച്ചു. അതോടെ രതീഷ് താഴെയിറങ്ങാൻ ശ്രമിച്ചെങ്കിലും 20 മീറ്റർ ഉയരത്തിൽ കുടുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് ഇയാളെ താഴെയിറക്കി. ഇയാളെ അടൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തെത്തുടർന്ന് പ്രദേശത്ത് 3 മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടു.

Advertisements