എസ്.എഫ്.ഐ നേതാവിന്റെ കൊലപാതകം: ആര്‍എസ്‌എസുകാരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു

കൊച്ചി: കരുനാഗപ്പള്ളിയിലെ എസ്‌എഫ്‌ഐ നേതാവ് എസ് അജയപ്രസാദിനെ ആക്രമിച്ച് കൊലപ്പെടുത്തിയ ആര്‍എസ്‌എസുകാരായ പ്രതികള്‍ക്ക് ജില്ലാക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ആറ് പ്രതികളെയും പത്തുവര്‍ഷം വീതം കഠിന തടവിനാണ് ജില്ലാ കോടതി ശിക്ഷിച്ചത്. 5000 രൂപ വീതം പിഴ ഒടുക്കാനും വിധിച്ചിരുന്നു. ഈ വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. ജസ്റ്റിസ് എ എം ഷഫീഖ് ,ജ. പി സോമരാജന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
ഒന്നുമുതല്‍ ആറുവരെ പ്രതികളായ ക്ലാപ്പന തെക്കേമുറി വൈഷ്ണവത്തില്‍ ശ്രീനാഥ് (25), ക്ലാപ്പന വടക്കേമുറി വല്യകണ്ടത്തില്‍ സബിന്‍ (28), ചാണാപ്പള്ളി ലക്ഷംവീട് സതീഷ്ഭവനില്‍ സനില്‍ (30), ലക്ഷംവീട്ടില്‍ രാജീവന്‍ (24), ക്ലാപ്പന വരവിള കോട്ടയില്‍ കുറുപ്പ് എന്ന സുനില്‍ (26), ക്ലാപ്പന പ്രയാര്‍തെക്ക് ശിവജയഭവനില്‍ ശിവറാം (27) എന്നിവരെയാണ് 2012 ല്‍ കോടതി ശിക്ഷിച്ചത്.

2007 ജൂലൈ 19ന് പകല്‍ 3.30നായിരുന്നു കൊലപാതകം. ക്ലാപ്പന തോട്ടത്തില്‍ ജങ്ഷനിലെ സ്റ്റേഷനറിക്കടയില്‍ നില്‍ക്കുകയായിരുന്ന എസ്‌എഫ്‌ഐ കരുനാഗപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറികൂടിയായ അജയപ്രസാദിനെ രണ്ട് ബൈക്കില്‍ എത്തിയ ആര്‍എസ്‌എസ് സംഘം രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ നിഷ്ഠുരമായി ആക്രമിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അടുത്ത ദിവസം പുലര്‍ച്ചെ 3.20ന്് അജയപ്രസാദ് മരിച്ചു.

