KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഹാര്‍ബര്‍ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നു

കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഹാര്‍ബര്‍ മേയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചിട്ടുണ്ട്. നിര്‍മാണ പ്രവൃത്തികള്‍ വേഗമാക്കാന്‍ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ഹാര്‍ബറിന്റെ 90 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായി. ലേലപ്പുരയുടെയും ഓവുചാലുകളുടെയും റോഡിന്റെയും നിര്‍മാണം അവസാന ഘട്ടത്തിലാണ്. 64 കോടി രൂപയാണ് ഹാര്‍ബറിന് മൊത്തം ചെലവ്. ഇതില്‍ 50 കോടി രൂപയുടെ പ്രവൃത്തി പൂര്‍ത്തിയായി. ഹാര്‍ബറിന്റെ പ്രധാനഭാഗമായി രണ്ട് പുലിമുട്ടുകളും വാര്‍ഫും ലേലപ്പുരയും നിര്‍മിച്ചിട്ടുണ്ട്. മറ്റൊരു ലേലപ്പുരയുടെ നിര്‍മണം നടന്നുകൊണ്ടിരിക്കുകയാണ്. ഓഫീസ്, കടമുറികള്‍, കാന്റീന്‍, ശൗചാലയം, ചുറ്റുമതില്‍, ഗെയിറ്റ് ഹൗസ്, പാര്‍ക്കിങ് ഏരിയ, മാലിന്യ സംസ്കരണ സംവിധാനം എന്നിവയാണ് നിര്‍മിക്കാനുള്ളത്.

രണ്ടാമതായി നിര്‍മിക്കുന്ന ലേലപ്പുരയ്ക്ക് 70 ലക്ഷം രൂപയും, വാര്‍ഫിന്റെ മുന്‍വശം ആഴംകൂട്ടാന്‍ 80 ലക്ഷം, റോഡ്, പാര്‍ക്കിങ് ഏരിയ എന്നിവ നിര്‍മിക്കാന്‍ 59.55 ലക്ഷം എന്നിവയാണ് അനുവദിച്ചത്. കാന്റീന്‍, സ്റ്റോര്‍ നിര്‍മാണത്തിന് 54.20 ലക്ഷവും ചുറ്റുമതില്‍ നിര്‍മാണത്തിന് 48 ലക്ഷവും അഴുക്കുചാല്‍, മലിനീകരണ പ്ലാന്റ് എന്നിവ നിര്‍മാണത്തിന് 59 ലക്ഷം, ശൗചാലയത്തിന് 31 ലക്ഷം, ഇലക്‌ട്രിക്കല്‍ പ്രവൃത്തിക്ക് 11.50 ലക്ഷം എന്നിവയും അനുവദിച്ചിട്ടുണ്ട്. പരമ്പരാഗത തൊഴിലാളികള്‍ക്ക് വള്ളം അടുപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കാന്‍ 9.25 ലക്ഷവും അനുവദിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!