KOYILANDY DIARY

The Perfect News Portal

ഓണ്‍ലൈന്‍ വഴി ഒറ്റനമ്പര്‍ ലോട്ടറിച്ചൂതാട്ടം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

വടകര: കേരള ലോട്ടറിയുടെ മറവില്‍ ഓണ്‍ലൈന്‍ വഴി ഒറ്റനമ്പര്‍ ലോട്ടറിച്ചൂതാട്ടം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. മൂടാടി കാക്കവയല്‍ മണി (43), പയ്യോളി ഇരിങ്ങല്‍ കുന്നുംപുറത്ത് കിഷോര്‍ (38) എന്നിവരെയാണ് വടകര ഡിവൈ.എസ്.പി. ടി.പി. പ്രേമരാജന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. 39,100 രൂപയും ഓണ്‍ലൈനായുള്ള വ്യാപാരത്തിന് വികസിപ്പിച്ചെടുത്ത പുതിയ അപ്ലിക്കേഷനോടുകൂടിയ രണ്ട് മൊബൈല്‍ ഫോണുകളും ഇവരില്‍നിന്ന് പിടിച്ചെടുത്തു.

മ്യൂസിക് എന്നപേരില്‍ പുതിയ അപ്ലിക്കേഷന്‍ രൂപപ്പെടുത്തിയാണ് ഇവര്‍ ലോട്ടറിത്തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. നേരത്തേ ഉണ്ടായിരുന്ന സോഫ്റ്റ്വേര്‍ ഒഴിവാക്കി പിടിക്കപ്പെടാന്‍ സാധ്യത കുറവുള്ള അപ്ലിക്കേഷനാണ് വികസിപ്പിച്ചെടുത്തത്. കേരള ലോട്ടറിടിക്കറ്റ് നറുക്കെടുപ്പിനെ ആധാരമാക്കിയാണ് ഇവരും ചൂതാട്ടം നടത്തിവന്നത്.

അവസാന മൂന്നക്ക നമ്പറിന് സമ്മാനം പ്രഖ്യാപിച്ചാണ് ഇവര്‍ പണം പിരിച്ചിരുന്നത്. അവസാനത്തെ ഒരു നമ്പര്‍ ശരിയായി വന്നാല്‍ 100 രൂപയും രണ്ട് നമ്പര്‍ ശരിയായാല്‍ 500 രൂപയും മൂന്ന് നമ്പര്‍ ശരിയായാല്‍ അയ്യായിരം രൂപയുമാണ് വാഗ്ദാനം ചെയ്തിരുന്നത്. ഒരു നമ്പര്‍ ഇവരുടെ മൊബൈല്‍ അപ്ലിക്കേഷനിലേക്ക് അയക്കുന്നതിന് 10 രൂപയാണ് ചാര്‍ജ്. പത്തും നൂറും നമ്പര്‍വരെ അയക്കുന്നവരുണ്ട്.

Advertisements

നേരത്തേ മൊബൈല്‍ സന്ദേശം വഴിയും കടലാസില്‍ എഴുതിനല്‍കിയുമാണ് ഒറ്റനമ്പര്‍ ലോട്ടറി വ്യാപാരം നടത്തിവന്നത്. ഇത് പിടിക്കപ്പെട്ടതോടെയാണ് പ്രത്യേക യൂസര്‍ ഐ.ഡി.യും പാസ് വേഡുമൊക്കെയുമുള്ള അപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. ഇതുവഴിയാണ് ഉപഭോക്താക്കള്‍ നമ്ബര്‍ അയച്ചിരുന്നത്.

നമ്പര്‍ അയച്ചശേഷം ഇവരില്‍നിന്ന് പണം പിരിക്കാന്‍ പ്രത്യേക ഏജന്റുമാരുണ്ട്. സംസ്ഥാന ലോട്ടറിയുടെ ഫലം പ്രസിദ്ധീകരിച്ചാലുടന്‍ ഇവരും ഫലം പ്രഖ്യാപിക്കും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ ഒറ്റനമ്ബര്‍ ലോട്ടറി ചൂതാട്ടം നടക്കുന്നുണ്ടെന്ന് ഡിവൈ.എസ്.പി. ടി.പി. പ്രേമരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *