കോഴിക്കോട് മർക്കസ് കോംപ്ലക്സിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം
.
കോഴിക്കോട്: നഗരമധ്യത്തിലെ മർക്കസ് അൽ മർവ കോംപ്ലക്സിലെ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിലെ 10.55 ഓടെ കോംപ്ലക്സിലെ ഇഹ്സാൻ പെർഫ്യൂംസ് എന്ന കടയിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സുഗന്ധദ്രവ്യങ്ങൾ വിൽക്കുന്ന സ്ഥാപനമായതിനാൽ തീ സമീപത്തെ കടകളിലേക്ക് പടരാതിരിക്കാനുള്ള ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം.

കടയ്ക്കുള്ളിൽ കനത്ത പുക നിറഞ്ഞതിനെത്തുടർന്ന് ഷട്ടറുകളും ഗ്ലാസ് വാതിലുകളും തുറന്നാണ് അഗ്നിരക്ഷാസേനയുടെ പ്രവർത്തനം. നാട്ടുകാരും വ്യാപാരികളും രക്ഷാപ്രവർത്തനത്തിൽ സഹായിക്കുന്നുണ്ട്. പുക ശ്വസിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആളുകളെ അപകടമേഖലയിൽനിന്ന് മാറ്റിനിർത്തി. തീപിടുത്തത്തിന്റെ കാരണം, നാശനഷ്ടങ്ങളുടെ വ്യാപ്തി എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.




