കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓർമകൾക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് ആദരാഞ്ജലികൾ അർപ്പിച്ചു
.
കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മൂന്ന് പതിറ്റാണ്ടുകാലം ജീവിക്കുന്ന രക്തസാക്ഷിയായി സമരപോരാട്ടങ്ങൾക്ക് കരുത്തുപകർന്ന സഖാവ് പുഷ്പനെയും അദ്ദേഹം അനുസ്മരിച്ചു. വിദ്യാഭ്യാസ മേഖലയെ കമ്പോളവൽക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ ഇടതുപക്ഷം ഉയർത്തിയ ചെറുത്തുനിൽപ്പിന്റെ ചരിത്രമാണ് കൂത്തുപറമ്പ് രക്തസാക്ഷി ദിനം ഓർമിപ്പിക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു.

കാലടി സർവകലാശാലയിലടക്കം വിദ്യാഭ്യാസ അവകാശങ്ങളും കലാലയങ്ങളും സംരക്ഷിക്കാൻ വിദ്യാർഥികൾ നടത്തുന്ന പോരാട്ടങ്ങൾ കൂത്തുപറമ്പ് സമരത്തിന്റെ തുടർച്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയെ സ്വകാര്യ മേഖലയ്ക്കും സംഘപരിവാറിനും തീറെഴുതാനുള്ള ശ്രമങ്ങൾ പുതിയ യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ തീവ്രമായി നടക്കുകയാണെന്ന് പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. കൂത്തുപറമ്പ് രക്തസാക്ഷികൾക്ക് വിപ്ലവാഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

നവലിബറൽ നയങ്ങൾക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ സമാനതകളില്ലാത്ത പോരാട്ടം നയിച്ച് രക്തസാക്ഷിത്വം വരിച്ച കൂത്തുപറമ്പിലെ ധീരസഖാക്കളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. 1994 നവംബർ 25-ന് അന്നത്തെ യുഡിഎഫ് സർക്കാർ നടത്തിയ കിരാതമായ പോലീസ് വെടിവയ്പ്പിലാണ് ധീരസഖാക്കൾ കെ.കെ. രാജീവൻ, കെ.വി. റോഷൻ, വി. മധു, സി. ബാബു, ഷിബുലാൽ എന്നിവർ രക്തസാക്ഷികളായത്. മൂന്ന് പതിറ്റാണ്ടുകാലം ജീവിക്കുന്ന രക്തസാക്ഷിയായി നമ്മുടെ സമരപോരാട്ടങ്ങൾക്ക് കരുത്തുപകർന്ന സഖാവ് പുഷ്പനും ആ അനശ്വര രക്തസാക്ഷികളിൽ ഒരാളാണ്.
വിദ്യാഭ്യാസ മേഖലയെ കമ്പോളവൽക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ ഇടതുപക്ഷം ഉയർത്തിയ ചെറുത്തുനിൽപ്പിന്റെ ചരിത്രമാണ് കൂത്തുപറമ്പ് രക്തസാക്ഷി ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്. ഇന്ന് പുതിയ യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസരംഗം സ്വകാര്യ മേഖലയ്ക്കും സംഘപരിവാറിനും തീറെഴുതാനുള്ള ശ്രമങ്ങൾ തീവ്രമായി നടക്കുമ്പോൾ കൂത്തുപറമ്പ് സമരത്തിന്റെ സ്മരണകൾ ഏറെ പ്രസക്തമാവുകയാണ്.
വിദ്യാഭ്യാസ അവകാശങ്ങളും കലാലയങ്ങളും സംരക്ഷിക്കാൻ കാലടി സർവകലാശാലയിലടക്കം വിദ്യാർത്ഥികൾ നടത്തിവരുന്ന ശക്തമായ പോരാട്ടങ്ങൾ ഈ ചെറുത്തുനിൽപ്പിന്റെ തുടർച്ചയാണ്. ഇത് കേവലം വിദ്യാർത്ഥികളുടെ മാത്രം ആവശ്യമല്ല, മറിച്ച് ഈ നാടിന്റെ പൊതുവിദ്യാഭ്യാസത്തെയും ഭാവിയെയും രക്ഷിക്കാനുള്ള സമരമാണ്. അതിനാൽ ഈ പോരാട്ടങ്ങൾക്ക് സമൂഹത്തിലെ മുഴുവൻ ജനങ്ങളുടെ പിന്തുണയും ഐക്യദാർഢ്യവും അനിവാര്യമാണ്.
അവകാശങ്ങൾ സംരക്ഷിക്കാനും ജനപക്ഷ ബദലുകൾ ശക്തിപ്പെടുത്താനുമുള്ള നമ്മുടെ വരുംകാല പോരാട്ടങ്ങൾക്ക് ധീരസഖാക്കളുടെ ഉജ്ജ്വല സ്മരണകൾ എന്നും ഊർജ്ജവും കരുത്തുമായിരിക്കും.



