KOYILANDY DIARY.COM

The Perfect News Portal

തിരിച്ചെത്തുന്ന പ്രവാസികൾക്ക് സംരംഭകത്വ പിന്തുണയുമായി നോർക്ക; ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

.
കോഴിക്കോട്: തിരിച്ചെത്തുന്ന പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ വിവരങ്ങളും മാർഗനിർദേശങ്ങളും നൽകുന്നതിനായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏകദിന പ്രവാസി സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിച്ചു. ന്യൂ നളന്ദ ഹോട്ടലിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നോർക്ക റൂട്ട്സ് ജനറൽ മാനേജർ പ്രകാശ് പി. ജോസഫ് നിർവഹിച്ചു. തിരിച്ചെത്തുന്ന പ്രവാസികൾക്ക് കരുതലും കൈത്താങ്ങുമായി നോർക്ക എന്നും ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത് ബാബു അധ്യക്ഷത വഹിച്ചു.
സംരംഭം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ, വിവിധ വകുപ്പുകളിൽ നിന്നുള്ള ലൈസൻസുകൾ, സർക്കാർ സഹായ പദ്ധതികൾ, നോർക്ക വഴി ലഭ്യമാകുന്ന ആനുകൂല്യങ്ങൾ, ബാങ്ക് വായ്പാ സൗകര്യങ്ങൾ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, കേരളത്തിൽ സാധ്യതയുള്ള വ്യവസായ മേഖലകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ നയിച്ച സാങ്കേതിക സെഷനുകളും ശിൽപ്പശാലയുടെ ഭാഗമായി നടന്നു.
നോർക്കയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ നടത്തുന്ന ഏഴാമത്തെ ശിൽപ്പശാലയാണിത്. സംരംഭകത്വത്തിലേക്ക് കടന്നു വരുന്ന തിരഞ്ഞെടുക്കപ്പെടുന്നവർക്കായി നോർക്ക റൂട്ട്സും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റും സംയുക്തമായി സൗജന്യമായ ത്രിദിന പരിശീലനവും നൽകുന്നുണ്ട്. നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ട് മാനേജർ കെ.വി. സുരേഷ്, നോർക്ക റൂട്ട്സ് സീനിയർ എക്സിക്യൂട്ടീവ് ജയകുമാർ എന്നിവർ സംസാരിച്ചു.
Share news