ഗ്യാനേഷ് കുമാറിൻ്റെ രാജി: 23ന് ലോക് ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് ഇടത് വിദ്യാർത്ഥി സംഘടനകൾ
.
തിരുവനന്തപുരം: ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയേയും അട്ടിമറിക്കുന്ന കേന്ദ്ര നടപടിക്കെതിരെ 23ന് ലോക് ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് ഇടത് വിദ്യാർത്ഥി സംഘടനകൾ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മാർച്ച് ഉദ്ഘാടനം ചെയ്യുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വാർത്താസമ്മേളത്തിൽ പറഞ്ഞു. രാജ്യത്ത് ഭരണഘടനാപരമായ അവകാശങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുന്നതിനെതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

ഡൽഹിയിലെ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലും സമാനമായ രീതിയിൽ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ സമരങ്ങൾ നടക്കുന്നുണ്ട്. നരേന്ദ്ര മോദി സർക്കാർ ഭരണഘടനാപരമായ അവകാശങ്ങൾ ഓരോന്നായി ലംഘിക്കുകയാണ്. ജനകീയ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഈ പോരാട്ടം കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകും.

ജനകീയ ശക്തിക്ക് മുന്നിൽ മോദി സർക്കാരിന് മുൻപും മുട്ടുമടക്കേണ്ടി വന്നിട്ടുണ്ടെന്നും പി എസ് സഞ്ജീവ് പറഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യമെമ്പാടും ഉയർന്നുവന്ന വിദ്യാർത്ഥി രോഷവും അന്നത്തെ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് രാജി വെക്കേണ്ടി വന്ന സാഹചര്യവും ഇതിന് തെളിവാണെന്ന് പി എസ് സഞ്ജീവ് ചൂണ്ടിക്കാണിച്ചു. എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുള്ളക്കുട്ടി, ജില്ലാ പ്രസിഡണ്ട് അഭിജിത്ത്, എഐഡ്എസ്ഒ സംസ്ഥാന സെക്രട്ടറി അപർണ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




