സെന്‍സസ് 2027: ഉദ്യോഗസ്ഥര്‍ക്കുള്ള ജില്ലാതല പരിശീലനം ആരംഭിച്ചു
.
കോഴിക്കോട്: സെന്‍സസ് 2027-ന്റെ രണ്ടാംഘട്ട ജനസംഖ്യാ കണക്കെടുപ്പിന് മുന്നോടിയായി ജില്ലയിലെ സെന്‍സസ് ഉദ്യോഗസ്ഥര്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടിക്ക് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തുടക്കമായി. പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 12 മുതല്‍ 15 വരെ രണ്ട് ബാച്ചുകളിലായാണ് ദ്വിദിന പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.

സെന്‍സസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരായ വി. വിഭ, അജിലി വാസുദേവന്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ജില്ലാ സെന്‍സസ് ഓഫീസര്‍, അഡീഷണല്‍ ജില്ലാ ഓഫീസര്‍മാര്‍, സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍, ചാര്‍ജ് ഓഫീസര്‍മാര്‍, ക്ലര്‍ക്കുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ തുടങ്ങി ജില്ലയിലെ സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആകെ 60 ഉദ്യോഗസ്ഥരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. ആദ്യഘട്ട സെന്‍സസ് വിജയകരമായി പൂര്‍ത്തീകരിച്ച ഉദ്യോഗസ്ഥരെ ചടങ്ങില്‍ ആദരിച്ചു.

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടക്കും. എന്യൂമറേറ്റര്‍മാര്‍ നേരിട്ട് വീടുകളിലെത്തി കുടുംബാംഗങ്ങളുടെ പേര്, ലിംഗം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജോലി, ജാതി, മതം തുടങ്ങി 40 ചോദ്യങ്ങള്‍ക്കുള്ള വിവരങ്ങള്‍ തത്സമയം പ്രത്യേക മൊബൈല്‍ ആപ്പില്‍ അപ്ലോഡ് ചെയ്യുന്ന രീതിയിലാണ് വിവരശേഖരണം തയാറാക്കിയിരിക്കുന്നത്.

ശരാശരി 800 പേര്‍ ഉള്‍പ്പെടുന്ന എന്യൂമറേഷന്‍ ബ്ലോക്കുകളായി തിരിച്ചാണ് ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കൂടാതെ, കണക്കെടുപ്പ് ആരംഭിക്കുന്നതിന് 15 ദിവസം മുന്‍പ് പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താവുന്ന ‘സെല്‍ഫ് എന്യൂമറേഷന്‍’ സൗകര്യവും ലഭ്യമാകും; ഇതുവഴി നല്‍കുന്ന വിവരങ്ങള്‍ വീട് സന്ദര്‍ശന വേളയില്‍ എന്യൂമറേറ്റര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തും.



