യൂത്ത് കോൺഗ്രസ്നെ മനോരമയ്ക്ക് പോലും തള്ളികളയേണ്ടിവന്നു: എം സ്വരാജ്
.
തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഇന്നലെ നടന്ന അതിക്രമത്തിൽ യൂത്ത് കോൺഗ്രസിനെ മനോരമയ്ക്ക് പോലും തള്ളികളയേണ്ടി വന്നെന്ന് എം സ്വരാജ്. എക്കാലത്തും എസ്എഫ്ഐ വിരുദ്ധ പ്രചാരവേലയുടെ നായകസ്ഥാനത്തുള്ള പത്രമാണ് മലയാള മനോരമ. എന്നാൽ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന വിദ്യാർഥി വേട്ടയെക്കുറിച്ച് മനോരമയ്ക്കു പോലും ചിലതു പറയേണ്ടി വന്നിരിക്കുന്നുവെന്ന് സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.


“മനോരമ പറയുന്നത് കരണ്ട് പോയപ്പോൾ എസ് എഫ് ഐ പ്രവർത്തകർ കൂക്കി വിളിച്ചതിനാണ് കോൺഗ്രസ് ക്രിമിനലുകൾ പന്തവും ഇഷ്ടികയും ഹോസ്റ്റലിലേക്ക് എറിഞ്ഞതെന്നാണ്. അതെല്ലാം കൂട്ടിവെച്ച എസ് എഫ് ഐക്കാർ അപ്പോൾ തിരിച്ചെറിഞ്ഞതായി മനോരമപോലും പറയുന്നില്ല. പ്രകടനം കഴിഞ്ഞ് മടങ്ങിയെത്തിയ യൂത്ത് കോൺഗ്രസ് – കെ എസ് യു ക്രിമിനൽ സംഘം വീണ്ടും ഹോസ്റ്റലിനുള്ളിലേക്ക് ഇഷ്ടികയും മറ്റുമെറിഞ്ഞു പ്രകോപനമുണ്ടാക്കിയപ്പോഴാണ് അതേ നിലയ്ക്കുള്ള പ്രതികരണം തിരിച്ചുണ്ടായതെന്ന് മനോരമ പറയുന്നു.

അതായത്, ഒന്നാമതായും രണ്ടാമതായും ഇഷ്ടികയും പന്തവുമെറിഞ്ഞത്, അക്രമമഴിച്ചുവിട്ടത്, പ്രകോപനമുണ്ടാക്കിയത് യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘമാണെന്ന് മനോരമ സാക്ഷ്യപ്പെടുത്തുന്നു. ‘സ്വന്തക്കാരെ’ സംരക്ഷിക്കാൻ എപ്പോഴും പാടുപെടുന്ന മനോരമയ്ക്കു പോലും സഹികെട്ട് ഇപ്പോൾ ഇത്രയെങ്കിലും പറയേണ്ടിവന്നിരിക്കുന്നു.” എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.




