KOYILANDY DIARY.COM

The Perfect News Portal

ഗാന്ധിസന്ദേശം മനുഷ്യത്വത്തിലേക്ക് നയിക്കുന്ന വെളിച്ചം: ഫൈസല്‍ ബാബു എംഎല്‍എ

.
കോഴിക്കോട്: ജില്ലാതല ഗാന്ധി ക്വിസ് മത്സരം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഫൈസല്‍ ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിയുടെ ജീവിതസന്ദേശം പ്രഭാഷണങ്ങളിലും സിദ്ധാന്തങ്ങളിലും മാത്രം ഒതുങ്ങേണ്ട ഒന്നല്ലെന്നും, വ്യക്തി ജീവിതത്തിലെ അന്ധകാരങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് മനുഷ്യത്വത്തിലേക്ക് നയിക്കുന്ന വെളിച്ചമാണതെന്നും അഡ്വ. വി.കെ. ഫൈസല്‍ ബാബു എംഎല്‍എ പറഞ്ഞു.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ചരിത്ര വിഭാഗവും ചേര്‍ന്നാണ് ഗാന്ധി ക്വിസ് മത്സരം നടത്തിയത്. ഗാന്ധിജിയുടെ ജീവിതദര്‍ശനങ്ങളെ വെറും അനുതാപത്തോടെ നോക്കിക്കാണാതെ, നിത്യജീവിതത്തില്‍ ഗാന്ധിമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അത് പ്രായോഗികമാക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് മനുഷ്യന്റെ ഓണ്‍ലൈന്‍ വ്യക്തിത്വവും ഓഫ്‌ലൈന്‍ വ്യക്തിത്വവും കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുണ്ടെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. അടച്ചിട്ട മുറികളില്‍ എങ്ങനെ പെരുമാറുന്നു എന്നതിലാണ് ഒരു വ്യക്തിയുടെ യഥാര്‍ത്ഥ സംസ്‌കാരവും വ്യക്തിത്വവും വെളിപ്പെടുന്നതെന്നും എംഎല്‍എ ഓര്‍മ്മിപ്പിച്ചു. വ്യക്തിജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുക എന്ന തത്ത്വമാണ് ഗാന്ധിജി പഠിപ്പിച്ചത്.
വര്‍ഗീയതയും ലഹരി മാഫിയകളും ക്യാമ്പസുകളെയും സമൂഹത്തെയും വിഴുങ്ങാന്‍ ശ്രമിക്കുന്ന കാലത്ത്, ദൈവത്തിനടുത്തുള്ള പിശാചിനെപ്പോലെയും ഗാന്ധിക്കടുത്തുള്ള ഗോഡ്‌സെയെപ്പോലെയും തെറ്റായ വഴികള്‍ മുന്നിലുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയണം. ഇതില്‍ നിന്നും ഗാന്ധിയുടെ നല്ല വഴികള്‍ തിരഞ്ഞെടുത്ത് സമൂഹത്തിന് മാതൃകയാകാന്‍ പുതിയ തലമുറ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മതേതരത്വം എന്നത് മതനിരാസമല്ല, മറിച്ച് എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന മതസഹിത മതേതരത്വമാണ്. ഇന്ത്യയിലെ ഏറ്റവും നല്ല മതവിശ്വാസിയും ഏറ്റവും നല്ല മതേതരവാദിയും മഹാത്മാഗാന്ധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ കോളജ് പ്രന്‍സിപ്പള്‍ ഡോ. ഷഹീദ് റംസാന്‍ അധ്യക്ഷനായി. ഐപിആര്‍ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ബി ബിനു, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ചരിത്രവിഭാഗം മേധാവി ഡോ. പി ബീന, അസിസ്റ്റന്റ് പ്രൊഫസര്‍ സി ഫസല്‍, ഐപിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 
ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ വിശ്വാസ് വിശ്വം നയിച്ച ഗാന്ധി ക്വിസ്സ് മത്സരത്തില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നായി രണ്ട് വീതം വിദ്യാര്‍ത്ഥികള്‍ അടങ്ങിയ 11 ടീമുകള്‍ പങ്കെടുത്തു. മത്സരത്തില്‍ ഗവ. ലോ കോളജില്‍ നിന്നുള്ള എംഎസ് അദ്വൈത്, നവനീത് സുരേഷ് എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥനമാക്കി. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ടീമംഗങ്ങളായ ജിആര്‍ യദുനന്ദ്, കെ ടി ദില്‍റുബ എന്നിവര്‍ രണ്ടാം സ്ഥാനവും ഗവ. കോളജ് മടപ്പള്ളിയിലെ വിദ്യാര്‍ത്ഥികളായ ആര്‍ പാര്‍വണ, എം നന്ദന എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ്‌പ്രൈസും എംഎല്‍എ സമ്മാനിച്ചു.
Share news