സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നില മെച്ചപ്പെടുത്തി. പല സീറ്റും യുഡ്എഫ് ൽ നിന്ന് പിടിച്ചെടുത്തു. 38 വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് 19, എൽഡിഎഫ് 18, എൻഡിഎ ഒരു സീറ്റും നേടി. കഴിഞ്ഞ തവണ യുഡിഎഫ് ന് 22 സീറ്റ് ഉണ്ടായിരുന്നു. ഇത്തവണ 19 ആയി കുറഞ്ഞു. കോഴിക്കോട് കുറ്റിച്ചിറയിൽ യുഡിഎഫ് ന് വൻ വോട്ട് ചോർച്ചയാണ് ഉണ്ടായത്. കഴിഞ്ഞ തവണ 2500ൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ജയിച്ച സ്ഥലത്ത് ഇത്തവണ യുഡിഎഫ് 436 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയിൽ എൽഡിഎഫിന് നറുക്കെടുപ്പിലൂടെ വിജയം. എൽഡിഎഫിന്റെ വി തുളസീധരനാണ് പരുത്തിക്കാവ് വാർഡിൽ വിജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് 238 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽലായിരുന്നു ജയിച്ചത്.

പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിലും എൽഡിഎഫ് വിജയക്കുതിപ്പ് നടത്തിയിരിക്കുകയാണ്. ബിന്ദു കുമാരിയാണ് വിജയിച്ചത്. ഇടുക്കി ജില്ലയിൽ മുട്ടം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ യുഡിഎഫാണ് വിജയിച്ചത്. മുട്ടം പോളിടെക്നിക്കിലായിരുന്നു വോട്ടെണ്ണൽ. പെരളശ്ശേരി പഞ്ചായത്ത് ബാവോട് ഈസ്റ്റ് വാർഡിൽ യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി കെ വി രതീശൻ 65 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തിരുവനന്തപുരം കല്ലറയിലും കനത്ത പോരാട്ടം നടക്കുകയാണ്.


പാമ്പാടി ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് മികച്ച വിജയം. യു ഡി എഫ് സ്ഥാനാർഥി ഡെയ്സി മാത്യുവിനെ പരാജയപ്പെടുത്തിയാണ് എൽ ഡി എഫ് സ്ഥാനാർഥി സണ്ണി വർഗീസ് വാർഡ് തിരിച്ചുപിടിച്ചത്. 66 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സണ്ണി വർഗീസിന്റെ വിജയം.

മട്ടന്നൂർ നഗരസഭ ഉരുവച്ചാൽ വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി എ കെ സുരേഷ് കുമാർ 276 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.



