KOYILANDY DIARY.COM

The Perfect News Portal

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ?

.

കാലങ്ങളായി മുതിർന്നവർ തരുന്ന ഉപദേശമാണ് അത്താഴം നേരത്തെ കഴിക്കണമെന്നത്. നീണ്ട ജോലി സമയം, വൈകിയുള്ള മീറ്റിംഗുകൾ, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം എന്നിവയെല്ലാം കാരണം രാത്രി ഒമ്പതോ പത്തോ മണിക്ക് അത്താഴം കഴിക്കുന്ന ശീലം പലരിലും ഇന്നൊരു പതിവായി മാറിയിട്ടുണ്ട്. എന്നാൽ വിശ്രമിക്കാൻ പോകുന്ന ശരീരത്തിലേക്ക് വലിയ അളവിൽ ഭക്ഷണം എത്തിയാൽ അത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും.

 

നമ്മുടെ ദഹനവ്യവസ്ഥ, ഹോർമോണുകൾ, മെറ്റബോളിസം എന്നിവയെല്ലാം ‘സർക്കാഡിയൻ റിഥം’ എന്ന ഒരു കൃത്യമായ ദൈനംദിന താളമാണ് പിന്തുടരുന്നത്. പകൽ സമയങ്ങളിൽ ഭക്ഷണം ദഹിപ്പിക്കാനും ദഹന എൻസൈമുകൾ പുറത്തുവിടാനും ശരീരം തയ്യാറെടുക്കുമ്പോൾ, വൈകുന്നേരമാകുമ്പോൾ ഈ പ്രക്രിയകൾ സ്വാഭാവികമായും മന്ദഗതിയിലാകാൻ തുടങ്ങും.

 

ഉറക്കത്തിനായി ശരീരത്തെ ഒരുക്കുന്നതിന്റെ ഭാഗമായാണ് ദഹനവ്യവസ്ഥ മന്ദഗതിയിലാകുന്നത്. അതുകൊണ്ടുതന്നെ വൈകി ഭക്ഷണം കഴിക്കുന്നത്, പ്രത്യേകിച്ച് കട്ടികൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കാലക്രമേണ ദഹനവ്യവസ്ഥയേയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.

 

ഭക്ഷണം കഴിച്ച ഉടനെ കിടക്കുമ്പോൾ വയറ്റിലെ ആസിഡ് ഭക്ഷണനാളത്തിലേക്ക് തിരികെ സഞ്ചരിക്കാൻ ഇടയാക്കുകയും. ഇത് ആഴ്ചകളോളം നീണ്ടുനിൽക്കുമ്പോൾ ആസിഡ് റിഫ്‌ളക്‌സിന് കാരണമാവുകയും ചെയ്യുന്നു. രാത്രി ഭക്ഷണം വൈകുന്നതുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ പ്രശ്‌നങ്ങളിൽ ഒന്നാണിത്. കൂടാതെ ഈ ശീലം നെഞ്ചെരിച്ചിൽ, വയറ് വീർക്കൽ, ദഹനക്കേട്, ഉറക്കക്കുറവ് എന്നിവയ്ക്കും കാരണമാകുന്നു.

 

രാത്രിയിൽ ശരീരം ഗ്ലൂക്കോസും കൊഴുപ്പും സംസ്‌കരിക്കുന്നതിൽ പിന്നോട്ട് നിൽക്കുന്നതിനാൽ ഈ കലോറികൾ ക്രമേണ ഉപാപചയ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇത് ശരീരഭാരം വർധിപ്പിക്കുന്നതിനും പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയിലേക്കും വഴിതെളിച്ചേക്കാം. അർധരാത്രിയിൽ ഉറങ്ങുന്ന ഒരാൾക്ക് രാത്രി എട്ടു മണിക്ക് ഭക്ഷണം കഴിച്ചാലും വലിയ പ്രശ്നങ്ങൾ ഉണ്ടാകണമെന്നില്ല. ഏറ്റവും വലിയ പ്രശ്‌നം കൂടുതൽ കലോറി അടങ്ങിയ ഭക്ഷണം കഴിച്ച ഉടൻ തന്നെ ഉറങ്ങാൻ പോകുന്നതാണ്.

 

ഉറങ്ങാൻ പോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. നേരത്തെ ഭക്ഷണം കഴിക്കാൻ സമയമില്ലാത്തവർ എണ്ണമയമുള്ളതോ, വറുത്തതോ, മധുരം കൂടുതലുള്ളതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക. പകരം പച്ചക്കറികൾ, ലീൻ പ്രോട്ടീൻ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സമീകൃത ആഹാരം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ആരോ​ഗ്യകരമായ ഒരു ജീവിതശെെലി നമുക്ക് ശീലമാക്കാം…

Share news