സ്വാമി ഗോലോകാനന്ദജി മഹാരാജ് (95) സമാധിയായി
സ്വാമി ഗോലോകാനന്ദജി മഹാരാജ് (95) സമാധിയായി. തിരുവനന്തപുരം ശ്രീരാമകൃഷണാശ്രമ ആശുപത്രിയിലായിരുന്നു സമാധി. ചടങ്ങുകൾ തിരുവനന്തപുരം നെട്ടയം ആശ്രമത്തിൽ. പൂർവാശ്രമത്തിലെ നാരായണൻകുട്ടിയിൽ നിന്ന് ആത്മീയാചാര്യനിലേക്ക്. ശ്രീരാമകൃഷ്ണ പരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും മഹത്തായ ആത്മീയ – മാനവസേവന പാരമ്പര്യം ജീവിത വ്രതമാക്കിയ സന്യാസിവര്യനാണ് സ്വാമി ഗോലോകാനന്ദജി മഹാരാജ്.
.

.
പൂർവാശ്രമത്തിൽ നാരായണൻകുട്ടി എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1933 മാർച്ച് 25 ശനി (1108 മീനം 12) പൂരുരുട്ടാതി നക്ഷത്രത്തിൽ, ആറന്മുള പഞ്ചായത്തിലെ കിടങ്ങന്നൂർ തോമ്പിൽ കുടുംബത്തിൽ, മാന്നാർ സ്വദേശിയായ പരേതനായ ശിവരാമപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ചു.
കിടങ്ങന്നൂരിലെയും മെഴുവേലിയിലെയും പ്രാദേശിക വിദ്യാലയങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. പത്താം ക്ലാസിനുശേഷം അന്നത്തെ കാലഘട്ടത്തിൽ ഏറെ ശ്രദ്ധേയമായിരുന്ന സിവിൽ എഞ്ചിനീയറിങ് പഠനത്തിന് അദ്ദേഹം പ്രവേശിച്ചു. എന്നാൽ, ജീവിതം ക്രമേണ അദ്ദേഹത്തെ ആത്മീയതയുടെയും ധർമ്മത്തിന്റെയും സേവനത്തിന്റെയും വഴിയിലേക്ക് നയിക്കുകയായിരുന്നു.
ആഗമാനന്ദ സ്വാമിജിയുടെ ശിഷ്യത്വം
തുടർന്ന് ആത്മീയതയിലും ജ്ഞാനാന്വേഷണത്തിലും കൂടുതൽ ആകൃഷ്ടനായ നാരായണൻകുട്ടി ആഗമാനന്ദ സ്വാമിജിയുടെ ശിഷ്യനായി ആത്മീയജീവിതത്തിലേക്ക് പ്രവേശിച്ചു. ശ്രീരാമകൃഷ്ണ – വിവേകാനന്ദ ദർശനത്തിൽ ആഴത്തിൽ പ്രചോദനം ഉൾക്കൊണ്ട് സന്യാസം സ്വീകരിച്ച അദ്ദേഹം സ്വാമി ഗോലോകാനന്ദജി മഹാരാജ് എന്ന നാമം സ്വീകരിച്ചു



