ഹോർമുസ് കടലിടുക്കിന് സമീപം സൂപ്പർ ടാങ്കറിന് തീപിടിച്ചു
.
ഹോർമുസ് കടലിടുക്കിന് സമീപം സൂപ്പർ ടാങ്കറിന് തീപിടിച്ചു. രണ്ട് മൈനുകളിൽ തട്ടിയാണ് ടാങ്കറിന് തീപിടിച്ചതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) സ്ഥിരീകരിച്ചു. സുരക്ഷാ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിച്ചതിനെത്തുടർന്നാണ് ടാങ്കറിന് നേരെ ആക്രമണം നടത്തിയതെന്ന് ഐആർജിസി വ്യക്തമാക്കി. ആക്രമണത്തിനിരയായ കപ്പലിനെക്കുറിച്ചോ അതിലെ ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഹോർമുസ് കടലിടുക്കിലൂടെയുള്ള നാവിഗേഷനായി തങ്ങളുടെ സുരക്ഷാ ചട്ടങ്ങൾ എല്ലാ കപ്പലുകളും പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയ ഐആർജിസി, നിയമങ്ങൾ ലംഘിക്കുന്ന കപ്പലുകൾക്ക് സമാനമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ യു എസും ഇറാനും തമ്മിലുള്ള പ്രശ്നങ്ങൾ വീണ്ടും ശക്തമായ പശ്ചാത്തലത്തിലാണ് ഈ സംഭവം. ജലപാതയിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഐആർജിസി ഉദ്യോഗസ്ഥരെ തടയാൻ യു എസ് സൈന്യം ആക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു.

എന്നാൽ യു എസ് സെൻട്രൽ കമാൻഡ് ഈ ആരോപണം തള്ളി. ഞായറാഴ്ച ലാരക് ഐലൻഡിലെ രണ്ട് ഇറാനിയൻ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ അമേരിക്കൻ സേന വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി ജോർദാനിലെ യു എസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. കൂടാതെ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അൽ മിൻഹാദ് എയർ ബേസിനും നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനിടയിലെ ഏറ്റവും ശക്തമായ ഏറ്റുമുട്ടലുകളാണ് ഇപ്പോൾ മേഖലയിൽ നടക്കുന്നത്.




