മലപ്പുറം വെട്ടത്തൂരിൽ ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
.
മലപ്പുറം വെട്ടത്തൂരിൽ ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. എഴുതല സ്വദേശികളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്. കോഴിഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവോണനാളിലാണ് ഈ ദാരുണ സംഭവം. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കോഴിഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ സമീപത്തെ കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്.


കീഴാറ്റൂർ നിരന്നപറമ്പിലാണ് കോഴിഫാം. അപകടം നടന്ന ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പന്നിക്ക് വെച്ച കെണിയിലെ കമ്പിയിൽ നിന്നാകാം വൈദ്യുതാഘാതമേറ്റതെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.




