തൃശൂരിൽ വീണ്ടും കാട്ടാന ആക്രമണം: മൃതദേഹം കൊണ്ടുപോയി മടങ്ങുകയായിരുന്ന ആംബുലൻസ് തകർത്തു
.
തൃശൂർ വാൽപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം. മൃതദേഹം കൊണ്ടുപോയി മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെയാണ് കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി അതിരപ്പിള്ളി-മലക്കപ്പാറ പാതയിലെ ആനക്കയത്തുവെച്ചാണ് സംഭവം നടന്നത്. കാലടി ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ ആംബുലൻസിന് നേരെയായിരുന്നു ആക്രമണം.

മൃതദേഹം വാൽപ്പാറയിൽ ഇറക്കിയ ശേഷം തിരികെ പോവുകയായിരുന്ന ആംബുലൻസിൽ ഡ്രൈവർ ഉൾപ്പെടെ രണ്ട് പേരാണ് ഉണ്ടായിരുന്നത്. റോഡരികിൽ ആനക്കൂട്ടം നിൽക്കുന്നത് കണ്ട് ആംബുലൻസ് നിർത്തിയിട്ടതായിരുന്നു. ഇതിനിടയിൽ കൂട്ടത്തിൽ നിന്നുമെത്തിയ പിടിയാന ആംബുലൻസിന് നേരെ പാഞ്ഞടുക്കുകയും വാഹനം തള്ളിമറിച്ചിടാൻ ശ്രമിക്കുകയുമായിരുന്നു. ആംബുലൻസിലുണ്ടായിരുന്ന രണ്ടുപേരും പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആക്രമണത്തിൽ ആംബുലൻസിന്റെ കണ്ണാടി തകർന്നു.




