ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം: പ്രതിഷേധവുമായി ഇടതു സംഘടനകൾ
.
എംവിഡി ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി ഇടതു സംഘടനകൾ. കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. അതേസമയം ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ മൊബൈൽ ഫോണുകൾ പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് ആയിരുന്നു ഡിവൈഎഫ്ഐ മാർച്ച്.

സിപിഐഎം ജില്ലാ സെക്രട്ടറി വി പി അനിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് വി പി അനിൽ ആവശ്യപ്പെട്ടു. അതേ സമയം ഷൗക്കത്തിൻ്റെ മൊബൈൽ ഫോണും, ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിൽ എടുത്തു. ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഓട്ടോറിക്ഷയുടെ പഴയ ചിത്രങ്ങൾ ഉൾപ്പെടെ മൊബൈൽ ഫോണിലുണ്ട്. കേസിൽ ഇത് നിർണായക തെളിവുകളാവും. മൊബൈൽ ഫോൺ പരിശോധിക്കുന്നില്ലെന്ന് കാണിച്ച് പോലിസിനെതിരേ കുടുംബം രംഗത്തെത്തിയിരുന്നു.




