KOYILANDY DIARY.COM

The Perfect News Portal

80-ാമത് സ്വാതന്ത്ര്യദിനാഘോഷം; ദേശീയപതാക ഉയർത്തി മുഖ്യമന്ത്രി

.

തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സംസ്ഥാനം. മുഖ്യമന്ത്രി വി ഡി സതീശന്‍ തലസ്ഥാനത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി. ദേശീയഗാനത്തിന്റെ അകമ്പടിയോടെയാണ് പതാക ഉയര്‍ത്തിയത്. സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം ആലപിച്ചില്ല. തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. വിവിധ സേനാവിഭാഗങ്ങള്‍, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു.

ഒരു ദുരന്തമുഖത്തെ അതിജീവിച്ചവരാണ് കടന്നുവരുന്നതെന്നും സര്‍ക്കാര്‍ അവരെ ചേര്‍ത്ത് പിടിക്കും. നഷ്ടങ്ങള്‍ക്ക് പകരമാകാന്‍ ഒന്നും കഴിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രളയദുരന്തങ്ങളെ നേരിടാന്‍ ശാസ്ത്രീയമായ സമീപനങ്ങളെയാണ് സര്‍ക്കാര്‍ തേടുന്നത്. ജാതിയും മതവും ഉദ്ദേശവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറാന്‍ ആകണം. ജനാധിപത്യബോധവും മതേതരത്വവും തുല്ല്യതയുമാണ് നമ്മുടെ കരുത്തും ഊര്‍ജ്ജവും. അതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സ്വാതന്ത്ര്യദിനത്തില്‍ പ്രതിജ്ഞ ചെയ്യാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കുട്ടികളും ചെറുപ്പക്കാരും പരീക്ഷാ നടത്തിപ്പ് മുതല്‍ തൊഴിലവസരങ്ങളുടെ കുറവ് വരെയുള്ള ഒരു കൂട്ടം കൊടിയ പ്രശ്‌നങ്ങളുടെ നടുവിലാണ്. കൃഷിക്കാരും തൊഴിലാളികളും തീരദേശത്തെ ജനങ്ങളും നേരിടുന്ന വെല്ലുവിളി അനവധിയാണ്. പുതുതലമുറയെ ചേര്‍ത്തുപിടിച്ച് ഓരോ ചുവടും മുന്നോട്ടുവെയ്‌ക്കേണ്ട സമയമാണിത്. രാജ്യത്തിനും സംസ്ഥാനത്തിനും സാമ്പത്തിക വളര്‍ച്ചയും വികസനവും വേണം. തൊഴിലുകള്‍ സൃഷ്ടിക്കപ്പെടണം. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ സംവിധാനത്തില്‍ ആരുടേയും ഔദാര്യമല്ല. അത് അവകാശമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Share news
error: Content is protected !!