മുടി വളർത്തി ഗിന്നസ് ബുക്കിൽ ഇടം നേടി ഉത്തരാഖണ്ഡ് സ്വദേശിനി
.
മുടി വളർത്തി ഗിന്നസ് ബുക്കിൽ ഇടം നേടി ഉത്തരാഖണ്ഡ് സ്വദേശിനി. ചിലവർക്ക് മുടി മുറിച്ച് ഷോർട്ട് ഹെയറുമായി നടക്കുന്നതാണ് ഇഷ്ടം. ചിലവർക്ക് മുടി വളർത്തി നടക്കാനും ഇഷ്ടമാണ്. ആ കൂട്ടത്തിലെ ഒരാളാണ് ഉത്തരാഖണ്ഡിൽ നിന്നുള്ള രേണു ധരിയൽ. 2015 മുതൽ രേണു മുടി മുറിച്ചിട്ടില്ല. 271.50 സെന്റിമീറ്റർ അഥവാ 8 അടി 10 ഇഞ്ചാണ് ഇവരുടെ മുടിയുടെ നീളം. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും നീളമുള്ള മുടിയുള്ള വനിത എന്ന ഗിന്നസ് ലോക റെക്കോർഡും ഈ ഉത്തരാഖണ്ഡ് സ്വദേശി സ്വന്തമാക്കി.


കഴിഞ്ഞ ഏപ്രിലിൽ ഹൽദ്വാനിയിൽ വെച്ചാണ് ഈ റെക്കോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 257.33 സെന്റിമീറ്റർ എന്ന മുൻ റെക്കോർഡിനെ മറികടന്നാണ് രേണു ഗിന്നസ് ബുക്കിൽ ഇടം നേടിയത്. നിലവിൽ മുടിയുടെ നീളം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലും തരംഗമായിരിക്കുകയാണ് രേണു. 2015 മുതൽ മുടി മുറിക്കാതെ വളർത്തുന്നതിനും ചില കാരണങ്ങളുണ്ട്. ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായി നീളമുള്ള മുടിയെ കാണുന്നത് സൗന്ദര്യത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായാണ്. ഇവരെ മുടി വളർത്താൻ പ്രേരിപ്പിച്ചതും ഇതു തന്നെയാണ്.

കഠിനമായ ക്ഷമയുടെയും സമർപ്പണത്തിന്റെയും ഫലമാണ് ഇന്ന് കാണുന്ന ഈ നീളൻ മുടിയെന്ന് രേണു തന്നെ പറയുന്നു. പ്രകൃതിദത്തമായ എണ്ണകളും ഷാംപൂകളും ഉപയോഗിച്ചാണ് മുടിയെ പരിപാലിക്കുന്നതെന്ന് രേണു വ്യക്തമാക്കി. ഈ മുടിയെ പരിപാലിക്കുക എന്നത് ഒരു ഭീമൻ പണി തന്നെയാണ്. ക്ഷമയുടെയും സമർപ്പണത്തിന്റെയും ഉത്തമ ഉദാഹരണം കൂടിയാണ് ഇവർ മുടിയെ പരിപാലിക്കുന്ന രീതി. മുടി കഴുകുന്നതിനും ഉണക്കുന്നതിനും കെട്ടഴിക്കുന്നതിനും മണിക്കൂറുകളോളമാണ് രേണു എടുക്കുന്നത്. തന്റെ സമൂഹമാധ്യമങ്ങളിലൂടെ മുടി ആരോഗ്യ രഹസ്യവും മറ്റുള്ളവർക്കും പകർന്നുനൽകാനും ഇവർ മടി കാണിക്കുന്നില്ല.




