അടുത്ത മൂന്ന് ദിവസം കൂടി മഴ: വടക്കൻ കേരളത്തിൽ മഴ കനക്കും
.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴ തുടരും. തെക്കൻ കര്‍ണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും നാളെയും മധ്യ, വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമായേക്കുമെന്നാണ് സൂചന.

ഇന്ത്യയിലെ കാലവർഷത്തിൽ ചുഴലിക്കാറ്റിന്റെ സ്വാധീനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ശക്തമായ മഴയ്ക്കുള്ള സാഹചര്യം കണക്കിലെടുത്ത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ കാസർഗോഡ് ജില്ലകളിലിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതികളിൽ സംസ്ഥാനത്ത് ഇതുവരെ 29 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന 460 ക്യാമ്പുകളിലായി 30215 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.




