ബേപ്പൂരിൽ തീരത്തിടിച്ച് കയറിയ ബോട്ട് തകർന്നു: 1.20 കോടി നഷ്ടം
.
ഫറോക്ക് കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് നിയന്ത്രണം വിട്ട് ചാലിയം കടുക്ക ബസാർ തീരത്തിടിച്ച് കയറിയ “മിൻഹാജ്’ ബോട്ട് തകർന്നു. ബേപ്പൂരിൽനിന്നും മീൻപിടിത്തത്തിന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഒന്നര ലക്ഷം രൂപ വിലയുള്ള 19 വലകൾ, അഞ്ച് ലക്ഷം രൂപയുടെ 5000 ലിറ്റർ ഡീസൽ, ആറ് സെറ്റ് ബോർഡ് ഉൾപ്പെടെയുള്ള സാധനങ്ങളെല്ലാം കടലെടുത്തു. 1.20 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ ബേപ്പൂർ സ്വദേശി അറക്കൽ തൊടി സലീം പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ ബേപ്പൂർ ഹാർബറിൽ നിന്നും 17 തൊഴിലാളികളുമായി കടലിലിറങ്ങിയ ഉടൻ സ്റ്റിയറിങ് ബെൽറ്റ് പൊട്ടി അപകടത്തിൽപെടുകയായിരുന്നു. സർക്കാർ സഹായം ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് അധികൃതർ, ഫിഷറീസ് മന്ത്രി എം കെ രാഘവൻ എംപി, പി എ മുഹമ്മദ് റിയാസ് എംഎൽഎ, കലക്ടർ എന്നിവർക്ക് നിവേദനം നൽകിയതായി ബോട്ട് ഓപ്പറേറ്റഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കരിച്ചാലിൽ പ്രേമൻ പറഞ്ഞു.




