പൊള്ളലേറ്റ് ഉടൻ നിങ്ങൾ ചെയ്യുന്ന പ്രഥമശുശ്രൂഷ ശരിയായ രീതിയാണോ
.
എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് പൊള്ളൽ. പൊള്ളലേറ്റ ഉടൻ തന്നെ നൽകുന്ന ശരിയായ പ്രഥമശുശ്രൂഷ മുറിവിന്റെ ആഴം കുറയ്ക്കാനും തടിപ്പുകളും പാടുകളും വരാതിരിക്കാനും സഹായിക്കുന്നു. എന്നാൽ നമ്മൾ പലപ്പോഴും ചെയ്യുന്ന രീതി ശരിയാണോ. എന്നാൽ പൊള്ളലേറ്റാൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ ചില കാര്യങ്ങൾ ഉണ്ട് അത് എന്തൊക്കെയാണന്ന് നോക്കാം. പൈപ്പിലെ സാധാരണ തണുപ്പുള്ള വെള്ളം 10 മുതൽ 20 മിനിറ്റ് വരെ തുടർച്ചയായി പൊള്ളലേറ്റ ഭാഗത്ത് ഒഴിക്കുക.

ഇത് തൊലിപ്പുറത്തെ ചൂട് കുറയ്ക്കാനും ആന്തരിക കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാനു. പൊള്ളലേറ്റ ഭാഗത്ത് വളകൾ, മോതിരങ്ങൾ, വാച്ച് ഇറുകിയ വസ്ത്രങ്ങൾ എന്നിവയുണ്ടെങ്കിൽ അവ പതുക്കെ ഊരി മാറ്റേണ്ടതാണ്. മുറിവിൽ അണുബാധ ഉണ്ടാകാതിരിക്കാൻ വൃത്തിയുള്ളതും നനവില്ലാത്തതുമായ ഒരു കോട്ടൺ തുണി , പഞ്ഞിത്തുണിയോ ഉപയോഗിച്ച് മുറിവ് പതുക്കെ മൂടിവെക്കുക. പൊള്ളലേറ്റ ഭാഗത്ത് നേരിട്ട് ഐസ് കട്ടകൾ വെക്കാൻ പാടില്ല.

പൊള്ളുമ്പോൾ തൊലിപ്പുറത്ത് ഉണ്ടാകുന്ന വെള്ളം നിറഞ്ഞ കുമിളകൾ ഒരിക്കലും സൂചിയോ മറ്റോ ഉപയോഗിച്ച് പൊട്ടിക്കരുത്. മുറിവിൽ ടൂത്ത് പേസ്റ്റ്, വെണ്ണ, എണ്ണ തുടങ്ങിയവ പുരട്ടരുത് ഇവ തൊലിപ്പുറത്തെ ചൂട് പുറത്തുപോകുന്നത് തടഞ്ഞ് മുറിവ് കൂടുതൽ വഷളാക്കും. വസ്ത്രം തൊലിപ്പുറത്ത് ഒട്ടിപ്പിടിച്ചിരിക്കുന്ന അവസ്ഥയാണെങ്കിൽ അത് ബലമായി വലിച്ചെടുക്കാൻ ശ്രമിക്കാതെ, വസ്ത്രത്തിന് ചുറ്റുമുള്ള ഭാഗം കത്രിക ഉപയോഗിച്ച് ശ്രദ്ധയോടെ മുറിച്ച് മാറ്റുക. പൊള്ളലേറ്റ ഭാഗത്ത് തൊലി കരിഞ്ഞുപോവുകയോ, കഠിനമായ വേദനയോടൊപ്പം പഴുപ്പ് വരികയോ ചെയ്താൽ സ്വയം ചികിത്സ ഒഴിവാക്കി എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ എത്തുക.




