പ്രൊഫ. എം കെ സാനു പുരസ്കാരം കെ ആർ മീരയ്ക്ക്
.
മൂവാറ്റുപുഴ: പ്രൊഫ. എം കെ സാനുവിന്റെ സ്മരണയ്ക്കായി മൂവാറ്റുപുഴ അജു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രൊഫ. എം കെ സാനു മാസ്റ്റർ സ്മാരക പ്രഥമ പുരസ്‌കാരത്തിന് ഡോ. കെ ആർ മീരയെ തെരഞ്ഞെടുത്തു. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരമെന്ന് അജു ഫൗണ്ടേഷൻ രക്ഷാധികാരി ഗോപി കോട്ടമുറിക്കൽ പറഞ്ഞു.

50,001 രൂപയും പ്രശംസാപത്രവും ഫലകവുമാണ് പുരസ്‌കാരം. ഡോ. സെബാസ്‌റ്റ്യൻ പോൾ, ഡോ. ജെ പ്രസാദ്, അഡ്വ. ടി കെ സുരേഷ് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. ആഗസ്ത് രണ്ടിന് രാവിലെ 10.30 ന് മൂവാറ്റുപുഴ ശ്രീനാരായണ ബിഎഡ് സെന്റർ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ഡോ. ജെ പ്രസാദ് അവാർഡ് സമ്മാനിക്കും. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി കെ ഉണ്ണി, ഡയറക്ടർമാരായ കമാൻഡർ സി കെ ഷാജി, അഡ്വ. ടി കെ സുരേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




