ട്രോളിംഗ് നിരോധനം: മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കാതെ യു ഡി എഫ് സർക്കാർ
.
ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ കടലമ്മയുടെ മക്കൾ വറുതിയിൽ കഴിയുകയാണ്. പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് മാത്രമാണ് കടലിൽ പോകാൻ അനുമതി. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം പലപ്പോഴും ഉപജീവനമാർഗ്ഗം തടസപ്പെടുന്ന അവസ്ഥ. മത്സ്യത്തൊഴിലാളികൾക്കായി കഴിഞ്ഞ എൽഡിഎഫ് സർക്കാരുകൾ നൽകി വന്ന സൗജന്യ റേഷൻ ഇപ്പോൾ ലഭിക്കുന്നില്ല. ട്രോളിംഗ് നിരോധനം ആരംഭിച്ച ആഴ്ചകൾ പിന്നിട്ടിട്ടും സൗജന്യ റേഷനോ സഹായധനമോ പ്രഖ്യാപിക്കാൻ യുഡിഎഫ് സർക്കാരിന് ആയിട്ടില്ല. പൂർണമായും അവഗണിക്കുന്ന നിലപാടാണ് സർക്കാരിന്റേത് എന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ബ്ലു എക്കോണമി നയത്തിലും ആശങ്ക മത്സ്യത്തൊഴിലാളി പ്രകടിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ തീരമേഖലയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ബ്ലൂ ഇക്കോണമി പദ്ധതിക്ക് പിന്നിൽ വൻകിട കോർപ്പറേറ്റ് അജണ്ടയാണെന്ന ആരോപണം ശക്തമാകുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ കർണാടക, കോയമ്പത്തൂർ സന്ദർശനങ്ങൾ ഈ പദ്ധതിയുടെ മുന്നൊരുക്കമാണെന്നും ഇതിന്റെ പ്രതിഫലനം ബജറ്റിലുണ്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ആഴക്കടൽ ഖനനം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും സമുദ്ര ആവാസവ്യവസ്ഥയെയും തകർക്കുമെന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്.



