‘പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം’: പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
.
കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി റദ്ദാക്കണം എന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം. എറണാകുളം സ്വദേശി മുഹമ്മദ് ഫിര്‍ദൗസ് നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. സര്‍ക്കാരിനായി അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരാകും.

ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത് എന്നാണ് ഹര്‍ജിക്കാരന്റെ വാദം. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പൊതുജനാഭിപ്രായ രൂപീകരണവും നടത്തിയിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പിലാക്കി. ഇതുവഴി പ്രതിവര്‍ഷം ഏകദേശം 800 കോടി രൂപയാകും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതയെന്നും ഇത് താങ്ങാന്‍ പറ്റാത്ത ഭാരമാകുമെന്നുമാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ വാദം.

പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വേര്‍തിരിക്കുന്നത് വിവേചനപരമാണെന്നും പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായി നടപ്പിലാക്കുന്ന പദ്ധതി റദ്ദാക്കണമെന്നും കേസ് തീര്‍പ്പാകുന്നത് വരെ പദ്ധതിയുടെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കരുതെന്ന് അഡ്വക്കറ്റ് ജനറല്‍ ജാജു ബാബു ആവശ്യപ്പെട്ടേക്കും.

ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചത്. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസില്‍ തമ്പാനൂര്‍ മുതല്‍ പെരുമാതുറ വരെയാണ് പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര നടന്നത്. കെഎസ്ആര്‍ടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷീലയായിരുന്നു ഉദ്ഘാടന സര്‍വീസിന്റെ സാരഥി. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍ ബസില്‍ യാത്ര ചെയ്തു. തൃശ്ശൂരില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രിയദര്‍ശിനി പദ്ധതിക്ക് പച്ചക്കൊടി കാട്ടി.
3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. സൗജന്യ യാത്രയ്ക്കായി സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ രജിസ്‌ട്രേഷനോ ആവശ്യമില്ല. പ്രായമുള്‍പ്പെടെ മാനദണ്ഡവുമല്ല. എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിച്ചതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി കണ്‍സെഷന്‍ ടിക്കറ്റ് ആവശ്യമില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി ‘പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന് എഴുതിയിട്ടുണ്ടാകും. ഇതിന് പുറമേ സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്.



