KOYILANDY DIARY.COM

The Perfect News Portal

ഗുരുവും ശിഷ്യനും ലോക വേദിയിലേക്ക്; കൊയിലാണ്ടിക്ക് അഭിമാനമായി ഇരട്ട നേട്ടം

.
കൊയിലാണ്ടി: മലേഷ്യയിലെ കോലാലംപൂരിൽ ജൂൺ 16 മുതൽ 26 വരെ നടക്കുന്ന IFMA വേൾഡ് യൂത്ത് മുയ് തായ് ചാമ്പ്യൻഷിപ്പിലും വേൾഡ് സ്കൂൾ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച് കൊയിലാണ്ടിയിൽ നിന്നുള്ള ഗുരുവും ശിഷ്യനും പങ്കെടുക്കുന്നു. കൊയിലാണ്ടിയിലെ ടൊർണാഡോ ഫൈറ്റ് ക്ലബ്ബിന്റെ സ്ഥാപകനും ഹെഡ് കോച്ചുമായ രാജ്മോഹൻ വി.ആർ. വേൾഡ് യൂത്ത് മുയ് തായ് ചാമ്പ്യൻഷിപ്പിൽ റഫറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ മൂന്നാം തവണയാണ് രാജ്മോഹൻ വി. ആർ. റഫറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യൻ മുയ് തായ് രംഗത്തെ അദ്ദേഹത്തിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
.
.
അതേസമയം, അദ്ദേഹത്തിന്റെ ശിഷ്യനായ വസുദേവ് അരവിന്ദ് വേൾഡ് സ്കൂൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ-12 വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ അർഹത നേടി. കൂടാതെ, കേരളത്തിൽ നിന്ന് അണ്ടർ-12 വിഭാഗത്തിൽ ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആദ്യ കായികതാരം എന്ന നേട്ടവും വസുദേവ് സ്വന്തമാക്കി. ഗുരു ലോക ചാമ്പ്യൻഷിപ്പിൽ റഫറിയായും ശിഷ്യൻ മത്സരാർത്ഥിയായും ഒരേ സമയം രാജ്യത്തെ പ്രതിനിധീകരിക്കുന്നത് കൊയിലാണ്ടിക്കും കേരളത്തിനും അഭിമാന നേട്ടമായി മാറിയിരിക്കുകയാണ്.
.
.
ടൊർണാഡോ ഫൈറ്റ് ക്ലബ്ബിലൂടെ രാജ്മോഹൻ വി.ആർ. നൽകുന്ന പരിശീലനവും കായിക മേഖലയിലെ സമർപ്പണവുമാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെ പ്രധാന ശക്തിയെന്ന് കായികരംഗത്തുള്ളവർ അഭിപ്രായപ്പെട്ടു. മലേഷ്യയിലെ കോലാലംപൂരിൽ നടക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇരുവർക്കും വിവിധ കായിക സംഘടനകളും നാട്ടുകാരും ആശംസകൾ നേർന്നു.
Share news
error: Content is protected !!