ലോക വയോജന പീഡന വിരുദ്ധ ബോധവൽക്കരണ ദിനം ആചരിച്ചു
.
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്ത് വയോജന ക്ലബ്ബിന്റെയും സീനിയർ സിറ്റിസൺ ഫോറം ചേമഞ്ചേരി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ലോക വയോജന പീഡന വിരുദ്ധ ബോധവൽക്കരണ ദിനം ആചരിച്ചു. പൂക്കാട് കലാലയത്തിലെ “സർഗ്ഗ” ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് നടന്ന പരിപാടി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വയോജന ക്ലബ്ബ് പ്രസിഡണ്ട് ടി. കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു.
.

.
വയോജന സംരക്ഷണത്തിന്റെയും അവകാശങ്ങളുടെയും പ്രാധാന്യം സംബന്ധിച്ച് നടന്ന മുഖ്യപ്രഭാഷണം കില റിസോഴ്‌സ് പേഴ്സൺ ശ്രീ മോയി വി നിർവഹിച്ചു. സാമൂഹ്യക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഇല്ലത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹഫ്സ മനാഫ്, മെമ്പർമാരായ സരീഷ്, പ്രഭീഷ് കൊളക്കാട്, ശ്രീജ കണ്ടിയിൽ, സീനിയർ സിറ്റിസൺ ഫോറം പ്രസിഡണ്ട് ടി പി രാഘവൻ എന്നിവർ സംസാരിച്ചു.
.

.
വയോജനങ്ങൾ നേരിടുന്ന വിവിധ തരത്തിലുള്ള പീഡനങ്ങൾ തടയുന്നതിനും അവരുടെ അവകാശങ്ങളും സംരക്ഷണ മാർഗങ്ങളും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ വയോജന ക്ലബ്ബ് അംഗങ്ങൾ, സീനിയർ സിറ്റിസൺ ഫോറം പ്രവർത്തകർ, ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. വയോജന ക്ലബ്ബ് വൈസ് പ്രസിഡണ്ട് ശശി കൊളോത്ത് സ്വാഗതവും മധു പൂക്കാട് നന്ദിയും പറഞ്ഞു.



